മംഗളൂരു/കോയമ്പത്തൂര്‍: മംഗളൂരുവില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ സ്‌ഫോടനം നടത്തിയ കേസിലെ പ്രതിയുടെ വസതിയില്‍ അന്വേഷണ സംഘം നടത്തിയ റെയ്‌ഡില്‍ സ്‌ഫോടക വസ്‌തുക്കളും തീപ്പെട്ടികളും വയറുകളും കണ്ടെത്തി. ഞായറാഴ്‌ചയാണ് പ്രതിയായ ഷാരിഖിന്‍റെ വീട്ടില്‍ സംഘം പരിശോധന നടത്തിയത്. അതേസമയം കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
കോയമ്പത്തൂർ എൽപിജി സ്‌ഫോടനക്കേസിലെ പ്രതി ജമീഷ മുബിനുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്. മംഗളൂരുവിലെ കങ്കനാടിയില്‍ ശനിയാഴ്‌ചയാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ സ്‌ഫോടനം ഉണ്ടായത്. ഓട്ടോയില്‍ യാത്ര ചെയ്‌തിരുന്ന പ്രതിയായ ഷാരിഖ് ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് മംഗളൂരുവിലെ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആരാണ് ഷാരിഖ്?:സ്‌ഫോടക വസ്‌തുവുമായി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്‌തയാളാണ് ഷാരിഖ്. സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഷാരിഖിനും ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ നിലവിലുണ്ട്. അതില്‍ രണ്ട് കേസ് മംഗളൂരുവിലും മറ്റൊന്ന് ശിവമോഗയിലുമാണെന്നും രണ്ട് കേസുകളില്‍ ഇയാള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും എഡിജിപി അലോക് കുമാർ പറഞ്ഞു.
യുഎപിഎ കേസില്‍ നേരത്തെ അറസ്റ്റിലായ ഇയാള്‍ ജാമ്യം ലഭിച്ചതിന് ശേഷം മുങ്ങുകയായിരുന്നു. അല്‍ഹിന്ദ് ഐഎസ്ഐഎസ് കേസിലെ പ്രതികളായ മുസാവിർ ഹുസൈന്‍, അബ്‌ദുല്‍ മത്തീൻ താഹ എന്നിവരുമായി ഷാരിഖിന് ബന്ധമുണ്ടെന്നും തിരിച്ചറിയാന്‍ കഴിയാത്ത വേറെയും ചില ബന്ധങ്ങള്‍ ഇയാള്‍ക്കുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.
ഷാരിഖുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കോയമ്പത്തൂരില്‍ ഒരാളെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷാരിഖിന് സിം കാര്‍ഡ് വാങ്ങാനായി ആധാര്‍ കാര്‍ഡ് നല്‍കിയെന്നും താമസിക്കാന്‍ ഇയാള്‍ തന്‍റെ ഡോര്‍മറ്ററിയില്‍ ഇടം നല്‍കിയെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കര്‍ണാടകയിലെ സ്‌ഫോടന കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി ഓട്ടോറിക്ഷ സ്‌ഫോടനത്തിന്‍റെ വിവരങ്ങള്‍ പങ്കിട്ടിട്ടുണ്ടെന്ന് തമിഴ്‌നാട്ടിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.