തിരുവനന്തപുരം :ചിറയിൻകീഴിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് മർദിച്ചയാൾ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. ചിറയിൻകീഴ് പെരുങ്കുഴിക്ക് സമീപത്തെ വീടുകളിൽ നിന്ന് പാത്രം മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 28 നാണ് ചന്ദ്രനെ നാട്ടുകാർ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്.
നാട്ടുകാരുടെ ആക്രമണത്തില്‍ അവശനായ ചന്ദ്രന്‍ ആക്രമണത്തെ തുടർന്ന് അവശനായ ചന്ദ്രനെ ചിറയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് ചന്ദ്രനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിക്കാർ സ്റ്റേഷനിലെത്തി കേസ് വേണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി ഇയാളെ ജാമ്യവ്യവസ്ഥയിൽ വിട്ടയയ്ക്കുകയും ചെയ്‌തു.
Also Read ഫോണിൽ ലൂഡോ ഗെയിം കളിച്ചു: പിതാവ് എട്ട് വയസുകാരനെ അടിച്ചു കൊന്നു
എന്നാൽ മർദനത്തെ തുടർന്ന് ശരീരവേദനയും ചർദ്ദിയും അനുഭവപ്പെട്ട ചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ തേടി ആശുപത്രി വിട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ ബന്ധുക്കൾ ഇയാളെ വീണ്ടും മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കുടലിന് ക്ഷതമേറ്റതായും അണുബാധയുള്ളതായും കണ്ടെത്തി.
അടിയന്തര ശസ്ത്രക്രിയ നടത്തി ഐസിയുവിലേക്ക് മാറ്റിയെങ്കിലും ചന്ദ്രൻ കഴിഞ്ഞദിവസം മരിക്കുകയായിരുന്നു. മർദനം ആന്തരികാവയവങ്ങൾക്ക് ക്ഷതമേൽക്കാൻ കാരണമായെന്നാണ് ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും അധികൃതർ അറിയിച്ചു.