കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം കാസർകോട് : ബ്രഡ് മേക്കറിൽ രഹസ്യ അറ ഉണ്ടാക്കി സ്വർണം കടത്താൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ. കാസർകോട് റെയിൽവേ സ്റ്റേഷനിൽ 1300 ഗ്രാം സ്വർണവുമായി ചെങ്കള സ്വദേശി മുഹമ്മദ് ഫായിസിനെയാണ് കസ്റ്റംസ് പിടികൂടിയത്. 76 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.
ദുബായിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ഫായിസ് ട്രെയിൻ മാർഗം കാസർകോട് എത്തിയപ്പോഴാണ് പിടിയിലായത്. ദുബായിൽ നിന്ന് ഇന്നലെ വൈകിട്ടാണ് ഫായിസ് കണ്ണൂരിൽ എത്തിയത്. എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഫായിസിൽ നിന്ന് സ്വർണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇയാൾ ട്രെയിൻ മാർഗം കാസർകോട് എത്തിയപ്പോഴാണ് കസ്റ്റംസിന്‍റെ പിടിയിലായത്.
കണ്ണൂരിൽ നിന്ന് ഏറനാട് എക്‌സ്പ്രസിൽ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇയാളെ കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു കസ്റ്റംസിന്‍റെ പരിശോധന. ബ്രഡ് മേക്കറിൽ മൂന്ന് രഹസ്യ അറകൾ ഉണ്ടാക്കി അതിൽ സ്വർണം സൂക്ഷിച്ചായിരുന്നു കടത്ത്.
നേരത്തെ കരിപ്പൂർ വിമാനത്താവളത്തിൽ കാസർകോട് സ്വദേശിനിയായ 19 കാരി ഒരു കോടി രൂപയുടെ സ്വർണം കടത്തുന്നതിനിടെ പിടിയിലായിരുന്നു. 1886 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി ഉള്‍വസ്‌ത്രത്തിനുള്ളിൽ തുന്നിച്ചേർത്താണ് ഷഹല വിമാനത്താവളത്തിന് പുറത്ത് എത്തിച്ചത്. ഒരു കാലത്ത് സ്വർണ കടത്ത് സംഘങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു കാസർകോട്.
കാരിയർമാരായി നിരവധി പേർ ഉണ്ടായിരുന്നു. മംഗളൂർ വിമാനത്താവളം കേന്ദ്രീകരിച്ചായിരുന്നു സ്വർണക്കടത്ത്. എന്നാൽ പൊലീസും കസ്റ്റംസും പരിശോധന ശക്തമാക്കിയതോടെ കടത്ത് സംഘങ്ങൾ കുറഞ്ഞിരുന്നു.