ഉത്തര്‍പ്രദേശ്: കടംവാങ്ങിയ പണം തിരികെ നല്‍കാതിരിക്കാന്‍ വാടകക്കാരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ വീട്ടുടമയും കൂട്ടാളിയും അറസ്റ്റില്‍. മോദി നഗര്‍ സ്വദേശിയായ ഉമേഷ് ശര്‍മ്മ. കൂട്ടാളിയായ പ്രവേഷ് എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉമേഷിന്‍റെ മറ്റ് അഞ്ച് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലഖ്‌നൗവിലെ ബിആർ അംബേദ്‌കർ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി സ്‌കോളര്‍ അങ്കിത് ഖോക്കറാണ് കൊല്ലപ്പെട്ടത്. ഒക്‌ടോബര്‍ ആറിനാണ് കേസിനാസ്‌പദമായ സംഭവം. മോദിനഗറിലെ അങ്കിതിന്‍റെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ പണത്തില്‍ നിന്ന് വീട്ടുടമയായ ഉമേഷ് ശര്‍മ്മ 60 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാന്‍ ഇയാള്‍ അങ്കിതിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
മാതാപിതാക്കള്‍ മരിച്ച അങ്കിതിനെ ആരും അന്വേഷിച്ച് വരില്ലെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് ഉമേഷ് പൊലീസിന് മൊഴി നല്‍കി. ഒക്‌ടോബര്‍ അഞ്ച് മുതല്‍ അങ്കിതുമായി ഫോണില്‍ ബന്ധപ്പെടാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അങ്കിത് ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് മെസോജുകള്‍ അയച്ചപ്പോള്‍ ഉടനടി മറുപടി ലഭിക്കുകയും ചെയ്‌തു.