തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് നിര്‍ത്തി കണ്ടക്‌ടറെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെങ്കോട്ടുകോണം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. പോത്തൻകോട് പ്ലാമൂട് സ്വദേശി സുനിൽ കുമാറിനാണ് മര്‍ദനമേറ്റത്.
ഞായറാഴ്‌ച രാത്രി 9.45 ന് പോത്തൻകോട് നിന്നും വികാസ് ഭവനിലേക്ക് പോയ ബസിലാണ് സംഭവം. മദ്യപിച്ച് ബസില്‍ കയറിയ ദീപു ബസിന്‍റെ ഡോര്‍ അടക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് കണ്ടക്‌ടര്‍ സുനില്‍ കുമാര്‍ ഇയാളെ ബസില്‍ നിന്ന് ഇറക്കി വിട്ടു. ഇതേ തുടര്‍ന്ന് കൂട്ടുക്കാരനായ ചേങ്കോട്ടുകോണം സ്വദേശി അനന്ദുവിനൊപ്പം ബൈക്കില്‍ ബസിനെ പിന്‍തുടര്‍ന്ന ഇയാള്‍ ചെമ്പഴന്തി ഉദയഗിരിയിൽ വച്ച് ബസ് തടഞ്ഞു നിർത്തി കണ്ടക്‌ടറെ മര്‍ദിക്കുകയായിരുന്നു.