തിരുവനന്തപുരം: മലയന്‍കീഴില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം എട്ടുപേര്‍ കസ്റ്റഡിയില്‍. ഡിവൈഎഫ്‌ഐ വിളവൂര്‍ക്കല്‍ മേഖല പ്രസിഡന്‍റ് ജിനേഷും പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിയും ഉള്‍പ്പെടെ എട്ടുപേരെയാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ പൊലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത എട്ടാമനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടാണ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതെന്നും സംഭവത്തിനു പിന്നില്‍ ലഹരി-സെക്‌സ് മാഫിയ സംഘമെന്നും പൊലീസ് പറഞ്ഞു. ജിനേഷിന്‍റെ ഫോണില്‍നിന്നും ലഭിച്ച ദൃശ്യങ്ങളാണ് ലഹരി-സെക്‌സ് സംഘങ്ങളിലേക്ക് പൊലീസിനെ എത്തിച്ചത്. തന്‍റെ മകളെ കാണാനില്ലെന്ന പരാതിയുമായി അമ്മ മലയിന്‍കീഴ് പൊലീസിനെ സമീപിക്കുകയും തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു.
തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഡി ശില്‌പയുടെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും റെയില്‍വേ പൊലീസിന്‍റെ സഹായത്തോടെ പെണ്‍കുട്ടിയേയും തൃശൂര്‍, കുന്നംകുളം സ്വദേശിയായ എസ് സുമേജ് (21) എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നും പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
പെൺകുട്ടിയുടെത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനം നടന്നതായി പൊലീസ് കണ്ടെത്തിയത്. മലയിന്‍കീഴ് സ്വദേശിയായ 16 കാരന്‍ പീഡിപ്പിക്കുകയും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി സ്വകാര്യ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയും ചെയ്‌തതോടെ വിളവൂര്‍ക്കല്‍, മലയം സ്വദേശികളായ മറ്റു ആറുപേര്‍ കൂടി പെണ്‍കുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായും നഗ്‌ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
കൂടുതൽ കേസുകളുടെ ചുരുളഴിയുന്നു: വിവിധ സ്ഥലങ്ങളിലുള്ള 30 ഓളം സ്‌ത്രീകളുടെ നഗ്നദൃശ്യങ്ങളും ഇവര്‍ മദ്യവും മറ്റ് ലഹരികളും ഉപയോഗിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ അറസ്റ്റിലായ ജിനേഷിന്‍റെ ഫോണില്‍ ഉണ്ടായിരുന്നു. മലയിന്‍കീഴിലെ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പങ്കുവച്ചത്. ഇപ്പോള്‍ പിടിയിലായ ആറുപേരെ കൂടാതെ നിരവധി പേരിലേക്ക് ഈ നമ്പര്‍ എത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെല്ലാം വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് മറ്റുള്ളവര്‍ക്ക് കൈമാറാനും ഭീഷണിപ്പെടുത്താനുമാണ്. ഇതേരീതിയില്‍ കൂടുതല്‍ സ്‌ത്രീകളെയും പെണ്‍കുട്ടികളെയും ലഹരി നല്‍കി അടിമയാക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് സംശയം