പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു തൃശൂര്‍ : പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി ജോർജിയൻ പൗരനുമായുള്ള വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സൂരജിനൊപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്കുണ്ട്.
ഒല്ലൂർ എടക്കുന്നി ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ സന്ധ്യ ദമ്പതികളുടെ മകനായ സൂരജ് കഴിഞ്ഞ സെപ്‌റ്റംബറിലാണ് പോളണ്ടിലേക്ക് പോയത്. ഐടിഐ വിദ്യാഭ്യാസ യോഗ്യതയുള്ള സൂരജ് പോളണ്ടിലെ ഷിപ്പ് മെയിന്‍റനന്‍സ് കമ്പനിയിൽ സൂപ്പര്‍ വെെസറായിരുന്നു. ഈ ജോലി ബുദ്ധിമുട്ടായതിനെ തുടർന്ന് പോളണ്ടിലുള്ള മരത്താക്കര സ്വദേശി, സ്ലുബീസ് എന്ന സ്ഥലത്തെ മീറ്റ് പ്രോസസിംഗ് ഫാക്‌ടറിയില്‍ സൂരജിന് ജോലി തരപ്പെടുത്തി. ഈ കമ്പനിയുടെ അപ്പാർട്ട്മെന്‍റിൽ വച്ചാണ് സംഭവം നടക്കുന്നത്.
വാരാന്ത്യത്തിലെ ആഘോഷ പരിപാടിക്കിടെ സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി മലയാളി യുവാക്കള്‍ ജോർജിയ സ്വദേശിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.വാക്കുതര്‍ക്കം ബഹളത്തിലെത്തിയതോടെ പിടിച്ചുമാറ്റാൻ ചെന്ന സൂരജിനെയും മറ്റ് നാല് മലയാളികളെയും ജോർജിയൻ സ്വദേശി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നെഞ്ചിലും കഴുത്തിലുമാണ് സൂരജിന് കുത്തേറ്റത്. പോളണ്ടിലെ ഇന്ത്യൻ എംബസി മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം വിദേശകാര്യ മന്ത്രാലയം, പോളണ്ട് മലയാളി അസോസിയേഷന്‍ എന്നിവരുമായി സൂരജിന്‍റെ ബന്ധുക്കള്‍ ബന്ധപ്പെട്ടിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. പോളണ്ടിലെ സർക്കാർ ആശുപത്രിയിലാണ് സൂരജിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.