പൂനെ (മഹാരാഷ്‌ട്ര) :സുഹൃത്തിനൊപ്പം പോവുകയായിരുന്ന 17 കാരിയെ പൊലീസുകാരാണെന്ന് അറിയിച്ച് വിളിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. മഹാരാഷ്‌ട്രയിലെ താനെയിലെ ഡോംബിവ്‌ലി നഗരത്തിലെ ഖാദി കിനാരയിലാണ് നടുക്കുന്ന സംഭവം. സംഭവത്തില്‍ വിഷ്‌ണു നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പോക്‌സോ നിയമം ഉള്‍പ്പടെ ചുമത്തി കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
പൊലീസ് ചമഞ്ഞ് അതിക്രമം: ഇന്നലെ (ജനുവരി 27) ഉച്ചയോടെ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥിനി. ഈ സമയത്താണ് പ്രതികള്‍ ഇവര്‍ക്കരികിലേക്കെത്തുന്നത്. തങ്ങള്‍ പൊലീസുകാരാണെന്നും വിവരം നല്‍കിയത് മാതാപിതാക്കള്‍ തന്നെയാണെന്നുമറിയിച്ച് ഇവര്‍ അവരെ കൂടെ കൂട്ടി. തുടര്‍ന്ന് ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഇയാള്‍ വിവരം പുറംലോകമറിഞ്ഞാല്‍ വീഡിയോ വൈറലാക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു.