പാലക്കാട് : അട്ടപ്പാടി മധു വധക്കേസിലെ സീൻ മഹസറിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും വിട്ടുപോയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ, മുൻ അഗളി ഡിവൈഎസ്‌പി ടി കെ സുബ്രഹ്മണ്യൻ. പ്രതിഭാഗം അഭിഭാഷകൻ ടി ഷാജിത്തിന്‍റെ വിസ്‌താരത്തിനിടെയാണ് സുബ്രഹ്മണ്യൻ ഇക്കാര്യം പറഞ്ഞത്.
അന്വേഷണ സമയത്താണ് ഇക്കാര്യം ബോധ്യമായത്. കുറ്റപത്രം നൽകുന്നതിന് മുൻപ് ബോധ്യപ്പെട്ടെങ്കിലും കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നില്ല. സീൻ മഹസർ പൂർണമല്ലെന്നും വീണ്ടും തയാറാക്കാൻ പുനരന്വേഷണം വേണമെന്നും കോടതി നിർദേശിച്ചത് അറിയാം. പ്രധാനപ്പെട്ട എന്തൊക്കെ കാര്യങ്ങളാണ് വിട്ടുപോയതെന്ന്, കോടതി നിർദേശപ്രകാരം പുനരന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പ്രധാനപ്പെട്ട കാര്യങ്ങൾ വിട്ടുപോകാൻ പ്രത്യേക കാരണമില്ല. കോടതിയിൽ പ്രദർശിപ്പിച്ച ക്യാമറ മൂന്നിലെ ദൃശ്യങ്ങളിൽ ഒന്നാംപ്രതി മധുവിനെ ചവിട്ടുന്ന ദൃശ്യങ്ങള്‍ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകി. അതേസമയം, മറ്റൊരു ദിശയിൽ നിന്ന് പകർത്തിയ ക്യാമറ ഒന്നിലെ ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. പ്രതിഭാഗം അഭിഭാഷകൻ ബാബു കാർത്തികേയൻ ആവശ്യപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കി.