പാട്‌ന: മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാര ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആരോപണ വിധേയനായ പരിശീലകന്‍ രവി സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്‌തു. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെയാണ് നടപടി സ്വീകരിച്ചത്. കോച്ചിനെ പുറത്താക്കുന്നതിനുള്ള കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
കോച്ചിനെതിരായ നടപടി റെയില്‍വേ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബാസ്‌ക്കറ്റ് ബോള്‍ താരത്തിന്‍റെ മരണവിവരം അറിഞ്ഞ ഉടന്‍തന്നെ കോച്ച് രവി സിങ്ങിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നാതായി റെയിൽവേ സ്പോർട്സ് ഡിപ്പാർട്ട്മെന്റ് ഓഫീസ് സൂപ്രണ്ട് സഞ്ജയ് കുമാർ സുമന്‍ വ്യക്തമാക്കി. വിഷയത്തിന്‍റെ സ്വഭാവം ചൂണ്ടിക്കാട്ടി കൂടുതല്‍ പ്രതികരണം നടത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
കോച്ച് രവി സിങ്ങിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. പരിശീലകന്‍റെ മാനസികവും, ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ലിതാര ആത്മഹത്യ ചെയ്‌തതെന്ന് ബന്ധുക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നീരജ് കുമാര്‍ സിങ്ങ് പറഞ്ഞു. ലിതാരയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിഹാര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് അന്വേഷണസംഘം കൂടുതല്‍ നടപടികളിലേക്ക് കടന്നത്.
ലിതാരയുടെ മരണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം താരത്തിന്‍റെ അടുത്ത സുഹൃത്തും ആത്മഹത്യ ചെയ്‌തിരുന്നു. ദ്വാരകാപുരിയിലുള്ള വീട്ടിലാണ് റെയില്‍വേ ഉദ്യോഗസ്ഥനായ അവിനാഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ആത്മഹത്യകള്‍ തമ്മില്‍ ബന്ധം ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
more read: മലയാളി ബാസ്‌ക്കറ്റ്ബോള്‍ താരത്തിന്‍റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍