ഡെറാഡൂണ്‍: തെറ്റായി അക്കൗണ്ടിലേക്ക് വന്ന 10.13 കോടി രൂപ ദുരുപയോഗം ചെയ്‌തതിന് ഡെറാഡൂണിലെ നാല് മദ്യ വ്യാപാരികള്‍ക്കെതിരെ സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്‌തു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉത്തരാഖണ്ഡ് വൈദ്യുത കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്നാണ് 'ദ ലിക്കര്‍ ഷോപ്പ്' എന്ന മദ്യക്കടയുടെ അക്കൗണ്ടിലേക്ക് പണം എത്തിയത്. എന്നാല്‍ ഈ പണം മദ്യക്കടയുടെ ഉടമകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.
ഉത്തരാഖണ്ഡ് വൈദ്യുത കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടിയ കേസ്: 4 മദ്യവ്യാപാരികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്‌തു - ഉത്തരാഖണ്ഡ് പഞ്ചാബ് നാഷണല്‍ തട്ടിപ്പ്
ഡെറാഡൂണിലെ 'ദ ലിക്കര്‍ ഷോപ്പ്' എന്ന മദ്യക്കടയുടെ ഉടമകള്‍ക്കെതിരെയാണ് സിബിഐ കേസ് ഫയല്‍ ചെയ്‌തിരിക്കുന്നത്
മദ്യക്കടയുടെ ഉടമകളായ രാമ് സാഗര്‍ ജയിസ്വാള്‍, അനിത ജയിസ്വാള്‍, രാജ് കുമാര്‍ ജയിസ്വാള്‍, കുല്‍ദീപ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. 10.13 കോടി രൂപ ദ ലിക്കര്‍ ഷോപ്പിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയത് മോഹിത് കുമാര്‍, മനീഷ് ശര്‍മ എന്നീ ബാങ്ക് ജീവനക്കാരാണെന്നും കണ്ടെത്തി.
ഇവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. മാര്‍ച്ച് 12, 2021നാണ് ഉത്തരാഖണ്ഡ് വൈദ്യുത ബോര്‍ഡിന്‍റെ പണം മദ്യക്കടയുടെ അക്കൗണ്ടിലേക്ക് മാറ്റപ്പെട്ടത്. മാര്‍ച്ച് 12, 2021 മുതല്‍ മാര്‍ച്ച് 29,2021 കാലയളവിലാണ് ഇവര്‍ മറ്റ് പല അക്കൗണ്ടുകളിലേക്കും ഈ പണം മാറ്റിയത്. പിഎന്‍ബി പണം തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിച്ചപ്പോള്‍ നവംബര്‍ 9, 2022 വരെ 3.65 കോടി രൂപ മാത്രമെ ബാങ്കിന് വീണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ. പലിശയടക്കം 6.66 കോടി രൂപ ഇനിയും ഇവരില്‍ നിന്ന് ലഭിക്കാനുണ്ട്.