പത്തനംതിട്ട :തിരുവല്ലയിൽ, ജോലി ചെയ്തതിന്‍റെ കൂലി ആവശ്യപ്പെട്ട തമിഴ്‌നാട് സ്വദേശിയായ കെട്ടിട നിര്‍മാണ തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേര്‍ന്ന് മർദിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് മാര്‍ത്താണ്ഡം തക്കല സ്വദേശി സ്റ്റീഫൻ (40) ആണ് കൊല്ലപ്പെട്ടത്. മാര്‍ത്താണ്ഡം തക്കല സ്വദേശിയായ കരാറുകാരന്‍ സുരേഷ്‌കുമാര്‍ (44), സഹോദരന്‍ ആൽബിൻ ജോസ് (39) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. തിരുവല്ല കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്നയാളാണ് സ്റ്റീഫന്‍. ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള പണം ചോദിക്കാന്‍ സ്റ്റീഫൻ രണ്ട് സുഹൃത്തുക്കളെയും കൂട്ടി ഇരുചക്ര വാഹനത്തിൽ കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജ് റോഡില്‍ ചെറുമാത മാര്‍ത്തോമ പള്ളിക്ക് സമീപം സുരേഷ് താമസിക്കുന്ന വാടകവീട്ടില്‍ എത്തി. പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ സ്റ്റീഫനെ സുരേഷും ജോസും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.