കോഴിക്കോട് :കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനവും നടത്തിപ്പും അതിപരിതാപകരമെന്ന് അന്വേഷണ റിപ്പോർട്ട്. നിലവിലെ ജീവനക്കാർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും കണ്ടെത്തൽ. മാനസിക അസ്വാസ്ഥ്യമുള്ളവരെ പരിചരിക്കാൻ പറ്റിയ ഒരു സംവിധാനവും നിലവിൽ അവിടെയില്ല. ജയിൽ സംവിധാനം പോലെ പ്രത്യേക പരിശീലനം കിട്ടിയ ജീവനക്കാരെ ഉടൻ നിയമിക്കണമെന്നും കോഴിക്കോട് അഡീഷണൽ ഡിഎംഒയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
അന്തേവാസികളുടെ മുന്നിൽ പകച്ച് പോകുന്ന സെക്യൂരിറ്റി സംവിധാനമാണ് നിലവിലുള്ളത്. 1996 മുതൽ മാനസിക ആരോഗ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനം ഹൈക്കോടതി നേരിട്ട് വിലയിരുത്തിയിട്ടും ഒരു മാറ്റവും പ്രകടമായില്ല. ജീവൻ പണയംവച്ച് പ്രവർത്തിക്കുന്ന ജീവനക്കാരെയും കൊണ്ട് മാനസിക ആരോഗ്യ കേന്ദ്രം പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.