കോഴിക്കോട്: കായക്കൊടിയിലെ അയൽവാസികളുടെ ദുരൂഹമരണത്തിൽ ശാസ്‌ത്രീയ പരിശോധനാഫലം കാത്ത് പൊലീസ്. ഇന്നലെ (ജനുവരി 26) പകല്‍ ഏതാണ്ട് 9.30 ആകുമ്പോഴാണ് കായക്കൊടി സ്വദേശികളായ ബാബുവിന്‍റെയും രാജീവന്‍റെയും മരണവാര്‍ത്ത നാടറിയുന്നത്. ഇതില്‍ 52 കാരനായ ബാബുവിന്‍റേത് കൊലപാതകമാണെന്ന് ഉറപ്പായെങ്കിലും ഇതിന് പിന്നില്‍ ആത്മഹത്യ ചെയ്‌ത അയൽവാസി രാജീവന്‍ (50) ആണോ എന്നതും, എന്തിന് എന്നതും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതേസമയം നാടിനെ നടുക്കിയ ദുരൂഹമരണങ്ങളില്‍ നാനാ വഴിക്കും അന്വേഷണം തുടരുകയാണ് പൊലീസ്.
രണ്ട് മരണങ്ങള്‍, ഒരു ഫ്ലാഷ്‌ബാക്ക്:റിപ്പബ്ലിക്ക് ദിനത്തില്‍ നാടെങ്ങും ദേശീയ പാതാക ഉയരുന്ന വേളയില്‍ കായക്കൊടിയിൽ നിന്ന് കേട്ടത് ഞെട്ടിക്കുന്ന മരണവാർത്തകള്‍. അതും 12 മീറ്റർ മാത്രം വ്യത്യാസത്തിൽ താമസിക്കുന്ന അയൽവാസികളുടേത്. ഗൾഫിൽ നിന്ന് മൂന്ന് മാസം മുൻപാണ് വണ്ണാന്‍റെ പറമ്പത്ത് ബാബു നാട്ടിലെത്തിയത്. പിന്നീട് വടകരയിലെ ജേഷ്ഠ സഹോദരന്‍റെ ഹോട്ടലിൽ ജീവനക്കാരനായി. വൈകിട്ട് ജോലിക്ക് കയറിയാൽ പുലർച്ചെ ഒരു മണിക്കാണ് കട അടക്കുക. തുടര്‍ന്ന് ബാബു വീട്ടിലെത്താന്‍ മൂന്ന് മണിയാകും. ഈ ഹോട്ടലില്‍ തന്നെ ജോലി ചെയ്യുന്ന യുവാവിന്‍റെ ബൈക്കിലാണ് ബാബുവിന്‍റെ പോക്കുവരവ്. പകൽ കിടന്നുറങ്ങി ഉച്ചതിരിഞ്ഞ് വീണ്ടും ഹോട്ടലിലേക്ക് പോകും.
'മരണമറിയാതെ'യുള്ള ഉറക്കം:കൊല്ലപ്പെടുന്നതിന്‍റെ അന്ന് പുലർച്ചെ നാല് മണിക്കാണ് ബാബു വീട്ടിലെത്തിയത്. ജോലി കഴിഞ്ഞ് വടകരയിലെ ജേഷ്ഠ സഹോദരന്‍റെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവവും കണ്ടായിരുന്നു മടക്കം. കാലത്ത് 8.45 ന് വീട്ടിനടുത്തുള്ള അംഗനവാടിയില്‍ ദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കാനായി ബാബുവിന്‍റെ ഭാര്യ പുറപ്പെട്ടു. ഈ സമയം ബാബു നല്ല ഉറക്കത്തിലായിരുന്നു. 13 കാരിയായ മകളും മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നുണ്ട്. 18 കാരനായ മകനാകട്ടെ രാവിലെ ഫുട്‌ബോള്‍ കളിക്കാനായി പോയിരുന്നു.
നടുങ്ങിവിറച്ച് കായക്കൊടി : അന്തരീക്ഷം മാറിമറയുന്നത് പെട്ടെന്നായിരുന്നു. റിപ്പബ്ലിക്ക് ദിന പരിപാടി കഴിഞ്ഞ് ബാബുവിന്‍റെ ഭാര്യ 9.30 ഓടെ തിരിച്ചെത്തിയപ്പോൾ കണ്ടത് ഭർത്താവ് കഴുത്തറ്റ് മരിച്ച് കിടക്കുന്നതാണ്. അലറിക്കരഞ്ഞ് ഇവര്‍ വീട്ടുമുറ്റത്ത് വീഴുന്നത് കണ്ട് അയല്‍വാസിയായ രാജീവിന്‍റെ ഭാര്യയും മക്കളും ഓടിയെത്തി. തുടര്‍ കൂട്ടക്കരച്ചില്‍ കേട്ട് നാട്ടുകാരും. തുടര്‍ന്നാണ് രാജീവന്‍റെ ഓട്ടോ വീടിന് മുന്നിലെ റോഡില്‍ കണ്ട് ഡ്രൈവറായ അദ്ദേഹത്തെ വിളിക്കാന്‍ കൂടിനിന്നവരില്‍ ചിലര്‍ പോകുന്നത്. ഈ പോയവര്‍ കണ്ടതാവട്ടെ വീടിനകത്ത് ആത്മഹത്യ ചെയ്‌ത നിലയിലുള്ള രാജീവനെ.