കോട്ടയം:വീടിന് ദോഷമുണ്ടെന്നും അത് മറികടക്കാന്‍ സ്വർണം കൊണ്ട് കുരിശുപണിയണമെന്നും വീട്ടമ്മയെ കബളിപ്പിച്ച് സ്വർണം തട്ടിയ കേസിൽ രണ്ട് സ്‌ത്രീകള്‍ അറസ്‌റ്റിൽ. പത്തനംതിട്ട പള്ളിക്കൽ സ്വദേശി ദേവി (35), കൊല്ലം കലയപുരം സ്വദേശി സുമതി (45) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്‌റ്റ് ചെയ്തത്. വീടിന്‍റെ ദോഷം മാറ്റാനെന്ന വ്യാജേന ഇവര്‍ അതിരമ്പുഴ ഭാഗത്തുള്ള വീട്ടമ്മയെ കബളിപ്പിച്ച് 21 പവനോളം സ്വർണം കൈവശപ്പെടുത്തിയെന്നാണ് പരാതി.
'വീടിന്‍റെ ദോഷം മാറാന്‍ സ്വര്‍ണ കുരിശ്', വീട്ടമ്മയില്‍ നിന്ന് സ്വര്‍ണം തട്ടിയ രണ്ട് സ്‌ത്രീകള്‍ പിടിയില്‍
വീടിന് ദോഷമുണ്ടെന്നും അത് മാറാന്‍ സ്വർണം കൊണ്ട് കുരിശു പണിയണമെന്നും വീട്ടമ്മയെ വിശ്വസിപ്പിച്ച് സ്വർണം തട്ടിയ കേസിൽ രണ്ട് സ്‌ത്രീകള്‍ കോട്ടയത്ത് അറസ്‌റ്റിൽ
നിലവില്‍ കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്ന പിടിയിലായ ദേവിയും, സുമതിയും. കത്തി, വാക്കത്തി എന്നിവ വീടുകൾ തോറും കയറി വില്പനയ്ക്ക് നടത്തിവരികയായിരുന്ന ഇവര്‍ ഇതിനിടയിലാണ് വീട്ടമ്മയോട് വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വർണം കൊണ്ട് കുരിശു പണിതാൽ മതിയന്നും വിശ്വസിപ്പിക്കുന്നത്. ഇതിനായി വീട്ടമ്മയുടെ കയ്യിൽ നിന്നും പലപ്പോഴായി സ്വർണം കൈക്കലാക്കുകയും ചെയ്‌തു. എന്നാല്‍ പിന്നീട് വീട്ടമ്മക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ പരാതിനല്‍കുകയായിരുന്നു.
തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു. കൂടുതൽ ആളുകളെ ഇവർ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടോ എന്നും, ഈ കേസിൽ ഇവരെകൂടാതെ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. ഏറ്റുമാനൂര്‍ സ്‌റ്റേഷൻ എസ്ഐ പ്രശോഭ്, ബിജു, സ്‌റ്റാൻലി, സിപിഒമാരായ നിസ്സാ, ശാരിമോൾ, ജോഷ്, പുന്നൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.