കൊല്ലം: ഓൺലൈൻ ചൂതാട്ടത്തിനായി മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കൊട്ടാരക്കര വാളകം സ്വദേശി നെല്ലിമൂട്ടിൽ പുത്തൻ വീട്ടിൽ 23 വയസുളള അനീഷാണ് മാല പൊട്ടിക്കൽ കേസിൽ അഞ്ചൽ പോലീസിന്‍റെ പിടിയിലായത്. ഓൺലൈൺ ചൂതാട്ടമായ റമ്മി കളിക്കാനാണ് യുവാവ് മോഷണം നടത്തിയത്.
പക്ഷെ മണിക്കൂറുകൾക്കുള്ളിൽ പ്രതി പൊലീസ് പിടിയിലായി . കാറിലെത്തിയാണ് അഞ്ചൽ സ്വദേശിനിയായ അജിത എന്ന വീട്ടമ്മയുടെ സ്വർണ്ണ മാല അനീഷ് പൊട്ടിച്ചത്. അഞ്ചൽ വൃന്ദാവൻ ജംഗ്ഷനിൽ വച്ച് മേൽ വിലാസം ചോദിച്ച് വീട്ടമ്മയെ കാറിനടുത്തേക്ക് വിളിച്ച് വരുത്തിയ ശേഷം അനീഷ് മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു.
പരാതിക്കാരി മാധ്യമങ്ങളോട് സംസാരിക്കുന്നു എതിർക്കാൻ ശ്രമിച്ച വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വീട്ടമ്മ ഉടൻ തന്നെ അഞ്ചൽ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സമീപത്തെ സി സി ടി വി കാമറകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്യേഷണത്തിലാണ് പ്രതി പിടയിലായത്. റമ്മി കളിച്ച് പണം നഷ്‌ടപ്പെട്ടെന്നും, നഷ്‌ടപ്പെട്ട തുക തിരികെ പിടിക്കാനാണ് മാല പൊട്ടിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
സമൂഹ മധ്യമങ്ങളിൽ റമ്മിയുടെ പരസ്യം കണ്ടാണ് കളി ആരംഭിച്ചതെന്നാണ് യുവാവ് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ നൽകിയ മൊഴി. സി.ഐ കെ.ജി. ഗോപകുമാർ എസ്.ഐ പ്രജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.