എറണാകുളം:കൊച്ചി ഇന്‍ഫോ പാര്‍ക്കിന് സമീപമുള്ള ഫ്ലാറ്റില്‍ മലപ്പുറം സ്വദേശി സജീവ് കൃഷ്‌ണയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ഷാദിനെ ഇന്ന് (ഓഗസ്റ്റ് 27) കോടതിയില്‍ ഹാജരാക്കും. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്. മയക്ക് മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പ്രതി സമ്മതിച്ചിരുന്നു. സംഭവത്തിന് മുമ്പും ശേഷവും അര്‍ഷാദിന്‍റെ ഫോണ്‍ കോളുകളടക്കം പൊലീസ് പരിശോധിച്ചു. സംഭവത്തിന് ശേഷം മുങ്ങിയ അര്‍ഷാദിനെ പിടികൂടിയ മഞ്ചേശ്വരത്തും ഇയാള്‍ ഒളിവില്‍ താമസിച്ച ലോഡിജില്‍ എത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി. അതേസമയം ഇയാൾക്കൊപ്പം അറസ്റ്റിലായ സുഹൃത്ത് അശ്വന്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം സജീവ് കൃഷ്‌ണയുടെ കൈവശമുണ്ടായിരുന്ന 1.56 കിലോ കഞ്ചാവ്, 5.2 ഗ്രാം എം.ഡി.എം.എ, 104 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പ്രതി അർഷാദ് കൈക്കലാക്കിയിരുന്നു. ഇതെല്ലാം മംഗളൂരുവിലെത്തിച്ച് വില്‍പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ലഹരി മരുന്ന് വാങ്ങാനായി സജീവിന് അര്‍ഷാദ് പണം കടമായി നല്‍കിയിരുന്നു.