എറണാകുളം: ഗിരിനഗറിൽ കൊല്ലപ്പെട്ട സ്ത്രീ നേപ്പാൾ സ്വദേശിയാണെന്ന് സംശയിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. ഇത് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണ്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മൃതദേഹം വെട്ടി മുറിച്ചുവെന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൃതദേഹം കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇയാളും നേപ്പാൾ സ്വദേശിയാണ്. താത്‌കാലികമായ പ്രാദേശിക മേൽ വിലാസമായിരുന്നു ഇവർ നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വർഷത്തോളമായി ഇവർ കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇവരുടെ പിന്നാമ്പുറം അന്വേഷിച്ച് വരികയാണ്. ഒളിവിൽ പോയ ഭർത്താവിനെ കണ്ടെത്തിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളു എന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.