എറണാകുളം:കൊച്ചി നഗരത്തിൽ പട്ടാപ്പകൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 11 മണിയോടെയായിരുന്നു കലൂർ ആസാദ് റോഡിൽ വച്ച് പശ്ചിമബംഗാൾ സ്വദേശി സന്ധ്യ (25)യ്ക്ക് വെട്ടേറ്റത്. സുഹൃത്തായിരുന്ന ഉത്തരാഖണ്ഡ് സ്വദേശി ഫാറൂഖായിരുന്നു സന്ധ്യയെ ആക്രമിച്ച് രക്ഷപ്പെട്ടത്.
സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് എറണാകുളം നോർത്ത് പൊലീസ് പ്രതിക്ക് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊച്ചി നഗരത്തിൽ പകൽ സമയത്ത് ജനങ്ങളുടെ മുമ്പിൽ നടന്ന ക്രൂരമായ ആക്രമണക്കേസിലെ പ്രതിയെ നാല് ദിവസം കഴിഞ്ഞിട്ടും പിടികൂടാത്തത് പൊലീസിന്‍റെ വീഴ്‌ചയാണെന്ന വിമർശനമുയരുകയാണ്. കൊല്ലത്ത് ഒരു സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്‌തിരുന്ന ഫാറൂഖും, സന്ധ്യയും തമ്മിൽ പ്രണയത്തിലായിരുന്നു.
ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടായതോടെ സന്ധ്യ കൊച്ചിയിലേക്ക് താമസം മാറി കലൂരിലെ ബ്യൂട്ടി പാർലറിൽ ജോലി ചെയ്‌തുവരികയായിരുന്നു. ഇതിനിടെയാണ് സന്ധ്യയെ പിന്തുടർന്നെത്തിയ ഫാറൂഖ് തൃപ്പൂണിത്തുറയിലെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. ശനിയാഴ്‌ച കലൂർ ആസാദ് റോഡിലൂടെ സുഹൃത്തിനോടൊപ്പം നടന്നുപോകുകയായിരുന്ന സന്ധ്യയുമായി ബൈക്കിലെത്തിയ ഫാറൂഖ് വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
തുടർന്ന് കയ്യിൽ കരുതിയ വാക്കത്തി കൊണ്ട് കഴുത്തിൽ വെട്ടാൻ ശ്രമിച്ചു. എന്നാൽ സന്ധ്യ ഇടതു കൈ കൊണ്ട് തടഞ്ഞതോടെയാണ് കൈയ്‌ക്ക് ഗുരുതരമായി വെട്ടേറ്റത്. തുടര്‍ന്ന് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് വാക്കത്തി ഉപേക്ഷിച്ച് ഫാറൂഖ് സംഭവ സ്ഥലത്ത് നിന്ന് ബൈക്കിൽ കടന്നുകളഞ്ഞത്.
ഇടതുകൈയ്ക്ക് പുറത്ത് ആഴത്തിലുള്ള മുറിവേറ്റ സന്ധ്യയെ ആദ്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.