കൊച്ചി:കഴിഞ്ഞ നവംബറില്‍ പാലക്കാട് ജില്ലയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്ത് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കേസ് സിബി ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് കെ.ഹരിപാലാണ് പരിഗണിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായെന്ന് ഉറപ്പാകും വരെ അന്വേഷണം തുടരുമെന്നും കോടതി വ്യക്തമാക്കി.
കൂടാതെ അന്വേഷണം പുതിയ ഏജന്‍സിയെ ഏല്‍പ്പിക്കുമ്പോള്‍ മുഴുവന്‍ നടപടികളും വീണ്ടും നടത്തേണ്ടി വരുമെന്നത് കേസിന്‍റെ വിധി പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികള്‍ വൈകാന്‍ കാരണമാകുമെന്നും കോടതി ചൂണ്ടി കാട്ടി. 2021 നവംബര്‍ 15നാണ് ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് പി എഫ് ഐ ഭാരവാഹിയടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.