കാസർകോട് : ഉദ്യാവാറിൽ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒമ്പതുവയസുകാരിയെ എടുത്തുയർത്തി നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. പെൺകുട്ടിയെ ആക്രമിച്ച കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖിനെ (37) യാണ് മഞ്ചേശ്വരം പൊലീസ് അറസ്‌റ്റ് ചെയ്തത്. പ്രതി ലഹരിക്ക് അടിമയാണെന്നും മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ എടുത്തുയർത്തി നിലത്തെറിഞ്ഞ സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വധശ്രമം, പോക്സോ വകുപ്പുകൾ എന്നിവ ചുമത്തിയാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്. അതേസമയം സംഭവത്തിൽ ബാലാവകാശ കമ്മിഷനും ഇടപെട്ടു. സംഭവത്തില്‍ കർശന നടപടി സ്വീകരിക്കണമെന്ന് പൊലീസിന് നിർദേശം നൽകി.
ഇന്ന് രാവിലെ മദ്രസയിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് പെൺകുട്ടിയെ അബൂബക്കർ സിദ്ദിഖ് ക്രൂരമായി ആക്രമിച്ചത്. ഇയാള്‍ പെൺകുട്ടിയെ എടുത്തുയർത്തി നിലത്തെറിയുകയായിരുന്നു. തുടർന്ന് കുട്ടി വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചു. എന്നാൽ നാട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തിയപ്പോഴേക്കും സിദ്ദിഖ് ഓടി രക്ഷപ്പെട്ടു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
Also read: ഞെട്ടിക്കുന്ന ദൃശ്യം: റോഡിൽ നിന്ന മദ്രസ വിദ്യാർഥിനിയെ എടുത്തെറിഞ്ഞ് യുവാവ്, പ്രതി പിടിയില്‍