കണ്ണൂര്‍: തലശ്ശേരിയിൽ ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്‌തതിന്‍റെ വിരോധത്തിൽ രണ്ടുപേരെ കൊല്ലപ്പെടുത്തി. നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ ഖാലിദ് (56), ഇദ്ദേഹത്തിന്‍റെ സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ ഷമീർ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നെട്ടൂർ ‘സാറാസി’ലെ ഷാനിബിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്‌തതിന്‍റെ വിരോധത്തെ തുടര്‍ന്നുള്ള സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതര പരിക്ക് - തലശ്ശേരി
കണ്ണൂര്‍ തലശ്ശേരിയിൽ ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്‌തതിന്‍റെ വിരോധത്തിലുണ്ടായ സംഘർഷത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്ക്
മയക്കുമരുന്ന് വിൽപനയെ ചോദ്യം ചെയ്‌തതിന് ഷമീറിന്‍റെ മകൻ ഷബിലിനെ (20) ഇന്ന് ഉച്ചക്ക് ലഹരിവിൽപന സംഘം ആക്രമിച്ചിരുന്നു. പരിക്കേറ്റ ഷബിലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് കാണാനെത്തിയതായിരുന്നു ഖാലിദും ഷമീറുമടക്കമുള്ളവർ. ആശുപത്രിയിൽ നിന്ന് റോഡിലേക്ക് വിളിച്ചിറക്കിയാണ് നിഷ്‌ഠൂരമായ കൊലപാതകം അരങ്ങേറിയത്. ഇവരില്‍ ഖാലിദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഷാനിബിനെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷമീറും മരണത്തിന് കീഴടങ്ങുകയായിരുന്നു.
വൈകിട്ട് അഞ്ച് മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിക്ക് മുൻപിൽ ദേശീയ പാതയിലായിരുന്നു സംഭവം. കൊടുവള്ളി സ്വദേശികളായ ജാക്‌സണ്‍, പാറായി ബാബു എന്നിവർ ചേർന്നാണ് അക്രമം നടത്തിയത്. ലഹരിവില്‍പന സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സിപിഎം ഏരിയസെക്രട്ടറി സികെ രമേശൻ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.