കൊച്ചി: കാക്കാനാട് ഫ്ലാറ്റ് കൊലപാതക കേസിൽ പ്രതി പിടിയിലായതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി വ്യക്തമായതെന്നും അദ്ദേഹം അറിയിച്ചു. പിടിയിലായ പ്രതി അർഷാദിന് ലഹരി മരുന്ന് ഉപയോഗവും ലഹരി സംഘങ്ങളുമായി ബന്ധവുമുണ്ടെന്നും പൊലീസ് അറിയിച്ചു.
ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതി അർഷാദ്. ഇയാള്‍ കൊണ്ടോട്ടിയിലെ ജ്വല്ലറി മോഷണക്കേസിൽ ഒളിവിൽ കഴിയുന്ന വേളയിലാണ് കൊച്ചിയിൽ ജോലി ചെയ്യുന്നത്. കർണാടകയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മഞ്ചേശ്വരത്ത് വെച്ചാണ് അര്‍ഷാദ് പൊലീസ് പിടിയിലായത്. റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഒളിച്ചിരിക്കുകയായിരുന്ന ഇയാള്‍ക്കൊപ്പം രക്ഷപെടാൻ സഹായിച്ച കോഴിക്കോട് സ്വദേശി അശ്വന്ത് എന്നയാളും പിടിയിലായിട്ടുണ്ട്. പ്രതികളെ കാസർകോട് നിന്ന് ഇന്ന് (17.08.2022) കൊച്ചിയിലെത്തിക്കും.
'അന്വേഷണം വ്യാപിപ്പിക്കും': ലഹരി ഉപയോഗത്തിനായി കൂടുതൽ ആളുകൾ ഫ്ലാറ്റിൽ എത്തിയിരുന്നോയെന്നും അന്വേഷിക്കുമെന്ന് കമ്മിഷണർ സിഎച്ച് നാഗരാജു പറഞ്ഞു. കൊച്ചിയിൽ മാത്രമല്ല ഇന്ത്യ മുഴുവൻ ക്രിമിനൽ കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ട്. അസ്വാഭാവിക സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും ഫ്ലാറ്റുകളിൽ ഉൾപ്പടെ സിസിടിവി കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാണമെന്നും കമ്മീഷണർ അറിയിച്ചു.