കേരളം

kerala

ETV Bharat / crime

മകള്‍ കൊല്ലപ്പെട്ടിട്ട് പത്ത് വര്‍ഷം; നീതിക്കായി കാത്ത് കുടുംബം; യഥാര്‍ഥ പ്രതികള്‍ കേസ് അട്ടിമറിച്ചെന്ന് ആരോപണം - ജിഷ കൊലപാതകത്തില്‍ അട്ടിമറിയെന്ന് കുടുംബം

പണത്തിന്‍റെയും സ്വാധീനത്തിന്‍റയും ബലത്തില്‍ ജിഷ വധക്കേസ് ഭര്‍തൃ വീട്ടുകാര്‍ അട്ടിമറിച്ചെന്ന് കുടുംബം

Ksd_kl1_muder case crime story_7210525  ജിഷയുടെ കൊലപാതകത്തില്‍ നീതി കാത്ത് കുടുംബം  നീതിക്കായി കാത്ത് കുടുംബം  ജിഷ കൊലപാതകത്തില്‍ അട്ടിമറിയെന്ന് കുടുംബം  Jisha murder case in kasarkodu
നീതിക്കായി കാത്ത് കുടുംബം

By

Published : Jul 26, 2022, 6:05 PM IST

കാസര്‍കോട്:ഭര്‍തൃ വീട്ടില്‍ മകള്‍ കൊല്ലപ്പെട്ടിട്ട് പത്ത് വര്‍ഷം പിന്നിട്ടിട്ടും നീതിക്കായി പൊരുതുകയാണ് ഭീമനടി നര്‍ക്കിലക്കാട്ടെ കുഞ്ഞികൃഷ്‌ണനും ശോഭനയും. 2012ലാണ് ഇരുവരുടെയും മകള്‍ ജിഷ മടിക്കൈയിലെ ഭര്‍തൃ വീട്ടില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടുവേലക്കാരനും ഒഡീഷ സ്വദേശിയുമായ മദൻ മാലിക്കാണ് കേസിലെ പ്രതിയെന്ന് പൊലീസ് കണ്ടെത്തി. അടുക്കള ജോലിക്കിടെയാണ് മദന്‍ മാലിക്ക് ജിഷയെ കുത്തിപരിക്കേല്‍പ്പിച്ചതെന്നും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ജിഷ മരിച്ചുവെന്നുമാണ് പൊലീസ് കുറ്റപത്രത്തില്‍ ഉള്ളത്.

നീതിക്കായി കാത്ത് കുടുംബം

2009 ലാണ് രാജേന്ദ്രനും ജിഷയുമായുള്ള വിവാഹം നടന്നത്. കൊലപാതകം നടക്കുമ്പോള്‍ ജിഷയുടെ ഭര്‍ത്താവ് രാജേന്ദ്രന്‍ വിദേശത്തായിരുന്നു. നീലേശ്വരം സിഐ ആയിരുന്ന സി.കെ സുനിൽ കുമാറാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ സംഭവത്തിന് ശേഷം കൊലപാതകത്തിന് പിന്നില്‍ വീട്ടുവേലക്കാരന്‍ അല്ലെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി.

ജിഷ കൊല്ലപ്പെട്ട ദിവസം തന്നെ വിളിച്ചിരുന്നെന്നും കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് മകള്‍ പറഞ്ഞുവെന്നും അമ്മ ശോഭന പറഞ്ഞു. ജിഷ മരിച്ച് ഏറെ വൈകിയാണ് മരണ വിവരം സ്വന്തം വീട്ടുകാരെ അറിയിച്ചത് എന്നതും കുടുംബത്തിന്‍റെ സംശയം ഇരട്ടിപ്പിച്ചു. എന്നാല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

കൊലപാതകത്തില്‍ പ്രതിയെന്ന് ആരോപിച്ച് ജയിലില്‍ അടച്ച മദന്‍ മാലിക് സഹതടവുകാരോടും ജയില്‍ വാര്‍ഡനോടും നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. 50,000 രൂപ നല്‍കി ബോസാണ് ജിഷയെ കൊലപ്പെടുത്താന്‍ പറഞ്ഞതെന്ന് മാലിക് പറഞ്ഞു. ജയിൽ വാർഡന്‍റെയും, സഹതടവുകാരന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ജിഷയുടെ ഭർത്താവിന്‍റെ സഹോദരൻ ചന്ദ്രനെയും ഭാര്യ ശ്രീലേഖയെയും കോടതി കേസിൽ പ്രതിചേർത്തു.

ജിഷയുടെ കുടുംബത്തിന്‍റെ ആരോപണങ്ങൾ ശരിവയ്‌ക്കുന്നതായിരുന്നു ആ കണ്ടെത്തൽ. എന്നാല്‍ കേസിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മോഷണത്തിനായാണ് മദന്‍ മാലിക്ക് ജിഷയെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞ് വിചാരണ കോടതിയുടെ വിധി പിന്നീട് ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ ഭര്‍തൃ വീട്ടുകാരാണ് മകളെ കൊലപ്പെടുത്തിയതെന്ന നിലപാടില്‍ നില്‍ക്കുകയാണ് ജിഷയുടെ കുടുംബം.

പണത്തിന്‍റെയും, ഭരണ സ്വാധീനത്തിന്‍റെയും ബലത്തിൽ യഥാർഥ പ്രതികൾ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും മാറി മാറി വന്ന അന്വേഷണ സംഘങ്ങൾ അതിന് കൂട്ടുനിന്നു എന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. കേസിൽ നിർണായകമായ ജിഷയുടെ ഡയറിയിലെ പ്രധാനപ്പെട്ട പേജുകൾ ഇല്ലാതായതും, വാദിഭാഗം അഭിഭാഷകനെ സ്വാധീനിക്കാൻ ശ്രമിച്ചതും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന കുടുംബത്തിന്‍റെ ആരോപണങ്ങളെ ബലപ്പെടുത്തുന്നുണ്ടെന്നും കുടുംബം പറഞ്ഞു. മകള്‍ക്ക് നീതി കിട്ടാനായി ഹൈക്കോടതി വിധിക്കെതിരെ വീണ്ടും ഹർജി നൽകി കാത്തിരിക്കുകയാണ് ഈ കുടുംബം.

പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മറ്റൊരു അന്വേഷണ ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നും മകളുടെ നീതിക്കായി ഏതറ്റം വരെയും പോകുമെന്നും കുടുംബം പറയുന്നു.

also read:പാരമ്പര്യ വൈദ്യന്‍റെ കൊലപാതകം: തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു, മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ

ABOUT THE AUTHOR

...view details