വയനാട്: പന്തിരിക്കര ഇർഷാദ് കൊലപാതകക്കേസില്‍ കൽപ്പറ്റ സിജെഎം കോടതിയിൽ കീഴടങ്ങിയ മൂന്ന് പ്രതികളെ കേസ് നടക്കുന്ന അധികാര പരിധിയിലെ കോടതിയിൽ ഹാജരാക്കാൻ നിർദേശം. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ.ആർ സുനിൽകുമാറിന്‍റേതാണ് ഉത്തരവ്. പ്രതികളെ പൊലീസ് സുരക്ഷയില്‍ കൊണ്ട് പോകാന്‍ നിര്‍ദേശിച്ച കോടതി കീഴടങ്ങിയവരെ കസ്‌റ്റഡിയില്‍ വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം തള്ളിയിരുന്നു.
അഭിഭാഷകന്‍ രജിത് കുമാര്‍ സംസാരിക്കുന്നു മരിച്ച ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തില്‍ ഉള്‍പ്പെട്ട ഇർഷാദ്, മിസ്‌ഹർ, ഷാനവാസ് എന്നിവരാണ് കൽപ്പറ്റ സി ജെ എം കോടതിയില്‍ കീഴടങ്ങിയത്. വിദേശത്ത് നിന്നും കൊടുത്തുവിട്ട അറുപത് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കൊല്ലപ്പെട്ട ഇര്‍ഷാദ് മറ്റൊരു സംഘത്തിന് കൈമാറിയിരുന്നു. ഇത് തിരിച്ചെടുക്കാനാണ് സംഘം ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്.
നഷ്‌ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാന്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കിയത് താമരശ്ശേരി സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന വ്യക്തിയാണ്. ഇയാളുടെ സഹോദരൻ ഷംനാദ്, സുഹൃത്തായ ഉവൈസ് എന്നിവരും ആസൂത്രണത്തിൽ മുഖ്യ പങ്കാളികളായിരുന്നു.
കൊല്ലപ്പെട്ട ഇര്‍ഷാദിന്‍റെ മൃതദേഹാവശിഷ്‌ടം ഇന്നലെയാണ്(07.08.2022) ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചത്. വടകര ആര്‍ ഡി ഒയുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇർഷാദിന്‍റെത് മുങ്ങി മരണമാണെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ഫോറന്‍സിക് വിദഗ്‌ധനുമായി അന്വേഷണ സംഘം ചര്‍ച്ച നടത്തും. ഇര്‍ഷാദിന്‍റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.