കോട്ടയം :കോട്ടയത്ത് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘത്തിന്‍റെ പിടിയിലായി. കോട്ടയം തിരുനക്കരയിലെ മൈനർ ഇറിഗേഷൻ വിഭാഗത്തിലെ സബ് ഡിവിഷൻ അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയറായ ബിനു ജോസാണ് അറസ്റ്റിലായത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കരാറുകാരന് റിലീസ് ചെയ്‌ത് നൽകുന്നതിനായി ഇവർ പതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് കരാറുകാരൻ പരാതിയുമായി വിജിലൻസിനെ സമീപിച്ചു. വിജിലൻസ് നിർദേശ പ്രകാരം കരാറുകാരൻ ഫിനോഫ്‌തലിൻ പുരട്ടിയ പണം ബിനുവിന് നൽകി. ഇതിനു പിന്നാലെ വിജിലൻസ് ജീവനക്കാരിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കരാറുകാരൻ നൽകിയ കൈക്കൂലിത്തുകയും ഇവരിൽ നിന്ന് കണ്ടെടുത്തു.