ഇന്‍ഡോര്‍ :മധ്യപ്രദേശില്‍ പൊലീസിനെ വലച്ച റാഗിങ് കേസ് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് തുണയായത് രഹസ്യ ഓപ്പറേഷന്‍. വിദ്യാര്‍ഥിനിയായും ക്യാന്‍റീന്‍ ജീവനക്കാരായും വേഷം മാറി കോളജിലെത്തിയ സംഘം നടത്തിയ മൂന്ന് മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് റാഗിങ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞത്. ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളജില്‍ തുടരുന്ന റാഗിങ്ങിലെടുത്ത കേസ് ചുരുളഴിക്കാന്‍ സന്യോഗിതഗഞ്ച് പൊലീസ് സ്‌റ്റേഷന്‍ വനിത കോണ്‍സ്റ്റബിള്‍ ശാലിനി ചൗഹാന്‍ ഉള്‍പ്പെട്ട അന്വേഷണസംഘം വേഷംമാറിയെത്തുകയായിരുന്നു.
ഈ വര്‍ഷം ജൂലൈയില്‍ ആണ് എംജിഎം കോളജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയേഴ്‌സിനെ റാഗിങ്ങിനിരയാക്കി എന്നുള്ള പരാതി യുജിസി അധികൃതരില്‍ നിന്ന് പൊലീസിന് ലഭിക്കുന്നത്. ചില വാട്‌സ് ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തിയ സ്ഥലങ്ങളുടെ വിവരങ്ങളും മാത്രമായിരുന്നു പരാതിയില്‍. പിന്നാലെ ക്യാമ്പസില്‍ നേരിട്ടെത്തി അന്വേഷണം നടത്താന്‍ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും ഭയം കാരണം വിദ്യാര്‍ഥികള്‍ വിവരം കൈമാറാന്‍ തയ്യാറായില്ല.
തുടര്‍ന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പൊലീസ് ശ്രമിച്ചു. എന്നാല്‍ യുജിസി ഹെല്‍പ് ലൈന്‍ നിയമപ്രകാരം അത് സാധ്യമായില്ല. ഇതിന് പിന്നാലെയാണ് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് രഹസ്യ അന്വേഷണം നടത്താന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ഇതിനായി സന്യോഗിതഗഞ്ച് സ്‌റ്റേഷന്‍ എസ്‌ഐ സത്യജിത് ചൗഹാന്‍, സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് തഹ്‌സീബ് ഖ്വാസി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചു. മഫ്‌തിയില്‍ കോളജിലെത്തിയ സത്യജിത് ചൗഹാന്‍ പ്രാഥമിക അന്വേഷണം നടത്തി കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. എന്നാല്‍ കേസിലെ പ്രതികളെ തിരിച്ചറിയാന്‍ ഈ തെളിവുകള്‍ മതിയാകുമായിരുന്നില്ല.