കൊല്ലം: ചിതറയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ചിതറ ഉണ്ണിമുക്ക് തടത്തരികത്ത് പുത്തൻ വീട്ടിൽ ബീനയെയാണ് ഭർത്താവ് സലീം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരമണിയോടെ ബീനയോട് സലീം ബീനയുടെ ഫോൺ ആവശ്യപ്പെട്ടു. ബീന നൽകാൻ തയ്യാറായില്ല. തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെ വീട്ടിൽ ഉണ്ടായിരുന്നു വെട്ടുകത്തി എടുത്ത് ബീനയെ വെട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വെട്ടേറ്റ് ബിനയുടെ ഇടത് കാലിന്‍റെ പാദം അറ്റ് തൂങ്ങി. ഇവരുടെ മുതുകിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. തലയ്ക്കും വെട്ടേറ്റു. തലയിൽ വെട്ടുന്നത് തടയുന്നതിനിടെ, വലത് കയ്യിലെ മൂന്ന് വിരലുകൾ അറ്റു. കൂടെയുണ്ടായിരുന്ന മക്കൾ ചിതറ പൊലീസിൽ വിവരം അറിയിച്ചതിനുസരിച്ച് പൊലീസെത്തി ഇവരെ ആംബുലൻസിൽ കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കിയ ഇവരുടെ കാൽപാദവും കൈ വിരലുകളും തുന്നിപിടിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടില്ലാത്ത ബീന ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.