ഹൈദരാബാദ്:മോഷ്‌ടിക്കാൻ കയറുന്ന വീട്ടിൽ അടുക്കളയിലെന്തെങ്കിലും കഴിക്കാനുണ്ടോ എന്നാണ് ആദ്യം നോക്കുന്നത്. കുടുംബം പുലർത്താനായി 16-ാം വയസ് മുതൽ മോഷണം ആരംഭിച്ചു. പലതവണ പിടിയിലായെങ്കിലും മോഷണം നിർത്തിയില്ല. മോഷണത്തിൽ ഇരട്ട സെഞ്ച്വറി നേടിയ മല്ലേപ്പള്ളി മംഗാർബസ്‌തിയിലെ ഗദ്ദം ലക്ഷ്‌മിയെന്ന ചെഞ്ചുലക്ഷ്‌മിയാണ് (33) വീണ്ടും പൊലീസ് പിടിയിൽ.
വാതിലിന്‍റെ പൂട്ട് തകർത്ത് മോഷണം നടത്തുന്നതാണ് ചെഞ്ചുലക്ഷ്‌മിയുടെ പ്രത്യേകത. ഈ മാസം 12, 13 തീയതികളിൽ അംബർപേട്ടിലെ ബുറുജുഗല്ലിയിലെ ഹനുമാൻ ക്ഷേത്രത്തിലും മാരുതി നഗറിലെ വീട്ടിലും മോഷണം നടന്നു. ക്ഷേത്രത്തിൽ നിന്നും വെള്ളി ചെരുപ്പും, പൂജ സാമഗ്രികളും മോഷണം പോയി. വീട്ടിൽ നിന്നും സ്വർണവും വെള്ളിയും മോഷണം പോയി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ചെഞ്ചുലക്ഷ്‌മിയെ പൊലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും 1.6 പവനോളം സ്വർണാഭരണങ്ങളും 44 പവൻ വെള്ളി ഉപകരണങ്ങളും പൂട്ട് പൊളിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.
കുറ്റകൃത്യത്തിന്‍റെ പാത 16 വയസുമുതൽ; 16-ാം വയസിൽ ചെഞ്ചുലക്ഷ്‌മി മോഷണം ആരംഭിച്ചു. പലപ്പോഴും പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും മോഷണം നിർത്തിയിട്ടില്ല. വിവിധ സ്‌റ്റേഷനുകളിലായി 200ഓളം മോഷണക്കേസുകൾ ചെഞ്ചുലക്ഷ്‌മിക്കെതിരെയുണ്ട്. നഗരത്തിലെ ലിംഗംപള്ളി, കുക്കട്ട്പള്ളി, ഗച്ചിബൗളി പ്രദേശങ്ങളിലാണ് കൂടുതൽ മോഷണങ്ങൾ നടത്തുന്നത്. ചെഞ്ചുലക്ഷ്‌മിയ്‌ക്കൊപ്പം അയൽവാസികളായ രേണുക, പത്മ, സാലമ്മ എന്നിവരും മോഷണത്തിൽ ഏർപ്പെട്ടിരുന്നു. പിന്നീട് ഇവർ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് വർഷങ്ങളായി ചെഞ്ചുലക്ഷ്‌മി ഒറ്റയ്ക്ക് മോഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.