പാലക്കാട്: കുടുംബ കോടതിയിൽ കൗൺസിലിങ് നടത്തി പുറത്തിറങ്ങിയ യുവതിയെ ഭർത്താവ് കൈക്ക് വെട്ടി പരിക്കേൽപ്പിച്ചു. പ്രതിയെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്‌തു. മനിശ്ശേരി കരുവാൻ പുരയ്‌ക്കൽ സുബിത (24) ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ സൗത്ത് പനമണ്ണ തെക്കത്ത് പറമ്പിൽ രഞ്‌ജിത്ത് (33)നെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ തോട്ടക്കരയിലുളള ഒറ്റപ്പാലം കുടുംബ കോടതിക്ക് മുന്നിലാണ് സംഭവം. ഇരുവരും വിവാഹ മോചനത്തിന്‍റെ ഭാഗമായി കൗൺസിലിങ് കഴിഞ്ഞ് കോടതിയുടെ പുറത്തിറങ്ങിയിരുന്നു. ശേഷം കോടതിയ്‌ക്ക് മുന്നിൽ സുബിത ഇപ്പോൾ കൂടെ താമസിക്കുന്ന യുവാവുമായി സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ട രഞ്‌ജിത് അവിടെയെത്തുകയും സുബിതയുമായി വാക്കുതർക്കത്തിലാവുകയുമായിരുന്നു.