മലപ്പുറം: സാമ്പത്തികമായി ഉന്നതനായ 68കാരനോട് പ്രണയം നടിച്ച് ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം തട്ടിയ വ്ളോഗറെയും ഭര്‍ത്താവിനെയും കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തു. തൃശൂര്‍ സ്വദേശികളായ റാഷിദയും (28) ഭർത്താവ് നിഷാദുമാണ് അറസ്റ്റിലായത്.
ഭര്‍ത്താവിന്‍റെ അറിവോടെയും സഹായത്തോടെയുമാണ് 68കാരനുമായി റാഷിദ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചുവരുത്തി ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് തവണകളായി ലക്ഷങ്ങളോളം രൂപ കൈക്കലാക്കുകയായിരുന്നു.
പിന്നീടും യുവതി നിരന്തരം പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. പണം നല്‍കിയില്ലെങ്കില്‍ അപമാനിക്കുമെന്നും വീട്ടില്‍ വിവരം അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്താൻ ആരംഭിച്ചതോടെ വീണ്ടും 68കാരൻ പണം നൽകാൻ ആരംഭിച്ചു. എന്നാല്‍ ഇദ്ദേഹത്തിന്‍റെ പണം നഷ്‌ടപ്പെടുന്നതെങ്ങനെയെന്ന് അന്വേഷിച്ച കുടുംബമാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുടുംബം 68കാരനുമായി കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
കല്‍പകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ഇവരുടെ തൃശൂര്‍ കുന്നംകുളത്തെ വീട്ടില്‍വച്ച് അറസ്റ്റ് ചെയ്‌തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതി നിഷാദിനെ തിരൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്‌തു. റാഷിദക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതികള്‍ സമാനമായി മറ്റുള്ളവരില്‍നിന്നും ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി റിമാന്‍ഡിലുള്ള നിഷാദിനെ കസ്റ്റിഡയില്‍ ആവശ്യപ്പെടുമെന്നും കല്‍പകഞ്ചേരി എസ്‌ഐ ജലീല്‍ കറുത്തേടത്ത് പറഞ്ഞു. എസ്‌ഐ സൈമണ്‍, എഎസ്‌ഐ രവി, സീനിയര്‍ സി പി ഒ ഷംസാദ്, വനിത പൊലീസ് അപര്‍ണ സുജിത്, ഹരീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.