കോഴിക്കോട് : തീവണ്ടി തട്ടി പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗ്രാമീണ്‍ ബാങ്ക് അപ്രൈസര്‍ മരിച്ചു. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അപ്രൈസര്‍ പന്നിക്കോട് സ്വദേശിയായ പരവരിയിൽ മോഹനനാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ 11 മണിയോടെ കോഴിക്കോട് റെയിൽപാളത്തിൽ പരിക്കേറ്റനിലയില്‍ കണ്ടത്തിയ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തീവണ്ടി തട്ടി പരിക്കേറ്റ ഗ്രാമീണ്‍ ബാങ്ക് അപ്രൈസര്‍ മരിച്ചു ; ദുരൂഹതയെന്ന് കുടുംബം - കോഴിക്കോട് കൊടിയത്തൂര്‍ അപ്രൈസര്‍ ട്രെയിന്‍ തട്ടി മരിച്ചു
മുക്കുപണ്ടയം പണയംവച്ച് കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍നിന്ന് 24.26 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായിരുന്നു മോഹനന്‍
മുക്കുപണ്ടയം പണയംവെച്ച് കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍നിന്ന് 24.26 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മോഹനനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ദളിത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറിയായിരുന്ന വിഷ്‌ണു കയ്യൂണുമ്മല്‍, മാട്ടുമുറിക്കല്‍ സന്തോഷ്‌കുമാര്‍, സന്തോഷിന്‍റെ ഭാര്യ ഷൈനി, കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന ബാബു പൊലുകുന്നത് തുടങ്ങിയവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍. സംഭവത്തെ തുടർന്ന് മോഹനനെ ബാങ്കിൽ നിന്ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു.
പെരുമണ്ണ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവയ്ക്കുന്നതിനിടെയാണ് വിഷ്‌ണുവും സന്തോഷ്‌കുമാറും പിടിയിലായത്. ഇതിനുപിന്നാലെയാണ് സംഘം മുക്കുപണ്ടം പണയംവച്ച് 32 ലക്ഷം രൂപയോളം തട്ടിയെടുത്തതായി കണ്ടെത്തിയത്. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍നിന്ന് 24.26 ലക്ഷം രൂപയും കാര്‍ഷിക-ഗ്രാമവികസന ബാങ്കിന്‍റെ അഗസ്ത്യന്‍മുഴി ശാഖയില്‍നിന്ന് 7.2 ലക്ഷം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി ഇവര്‍ കൈക്കലാക്കിയത്. മോഹനന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.