മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കിലോ സ്വർണം പിടികൂടി. വസ്‌ത്രത്തിൽ തേച്ചു പിടിപ്പിച്ച നിലയിൽ കാണപ്പെട്ട സ്വർണമാണ് പൊലീസ് പിടികൂടിയത്. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീനാണ് (43) സ്വർണവുമായി പിടിയിലായത്.
വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച നിലയിൽ കാണപ്പെട്ട സ്വർണം പൊലീസ് പിടികൂടി ഇന്നലെ(20.08.2022) രാവിലെ 10.15ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇൻഡിഗോ ഫ്ലൈറ്റിൽ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഇസ്സുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ വളരെ ആത്മവിശ്വാസത്തോടെ ഇയാൾ സ്വർണമില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇസ്സുദ്ദീൻ്റെ കൈവശമുണ്ടായിരുന്ന ലഗേജും ഇയാളുടെ ശരീരവും വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയെങ്കിലും സ്വർണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന്, ഇയാൾ ധരിച്ചിരുന്ന പാന്‍റ്‌സിന് കട്ടി കൂടുതലുള്ളതിൽ സംശയം തോന്നിയ പൊലീസ് പാന്‍റ് അഴിച്ച് നടത്തിയ പരിശോധനയിലാണ് പാന്‍റിനുള്ളിൽ നിന്ന് സ്വർണം കണ്ടെത്തിയത്.
പാന്‍റ് തയ്‌ച്ചിരുന്നത് രണ്ട് പാളി തുണികളുപയോഗിച്ചായിരുന്നു. രണ്ട് പാളി തുണികളുടെ ഉൾവശത്ത് സ്വർണം തേച്ചുപിടിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തി. മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Also read: കരിപ്പൂരിൽ രണ്ടര കിലോ സ്വർണവുമായി ഒരാൾ പിടിയിൽ