കേരളം

kerala

ETV Bharat / crime

സ്വർണം കൊണ്ടുവന്നത് കരിപ്പൂരിലേക്ക്, എമർജൻസി ലാൻഡിങ് പണിയായി; മലപ്പുറം സ്വദേശി നെടുമ്പാശേരിയില്‍ പിടിയിൽ

1650 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി അരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ജിദ്ദ- കരിപ്പൂർ വിമാനം കൊച്ചിയിൽ എമർജൻസി ലാൻഡിങ് ചെയ്‌തതോടെ സ്വർണം ശുചിമുറിയിൽ ഉപേക്ഷിക്കാനായിരുന്നു നീക്കം.

airport gold smuggling
ജിദ്ദ വിമാനത്തിൽ സ്വർണക്കടത്ത്

By

Published : Dec 4, 2022, 11:19 AM IST

എറണാകുളം:കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചയാൾ കൊച്ചിയിൽ പിടിയില്‍. മലപ്പുറം സ്വദേശി സമദാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്‍റെ പിടിയിലായത്. ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ അരയിൽ തോർത്തു കെട്ടി അതിനകത്ത് പേസ്റ്റ് രൂപത്തിലാക്കി 1650 ഗ്രാം സ്വർണം ഒളിപ്പിച്ച് കടത്താനാണ് ലക്ഷ്യമിട്ടത്.

പിടികൂടിയ സ്വർണം

എന്നാൽ, ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാൽ വിമാനം നെടുമ്പാശേരിയിലേക്ക് വഴി തിരിച്ചുവിട്ടു. എമർജൻസി ലാൻഡിങിന് ശേഷം യാത്രക്കാരെ ഇറക്കി ടെർമിനൽ ഹാളിൽ വിശ്രമിക്കാനനുവദിച്ചു. തുടർന്ന് സ്‌പൈസ്‌ജെറ്റിന്‍റെ മറ്റൊരു വിമാനത്തിൽ കോഴിക്കോട് എത്തിക്കുന്നതിന്‍റെ ഭാഗമായി സുരക്ഷ പരിശോധന വീണ്ടും നടത്തുകയായിരുന്നു.

ഈ സമയം പിടിക്കപ്പെടുമെന്ന സംശയത്തിൽ ഇയാൾ സ്വർണം ശുചിമുറിയിൽ ഉപേക്ഷിക്കുന്നതിനു വേണ്ടി അരക്കെട്ടിൽ നിന്നും ബാഗേജിലേക്ക് മാറ്റാൻ ശ്രമിക്കുന്നത് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. തുടർന്ന് കസ്റ്റംസ് പരിശോധന നടത്തിയപ്പോഴാണ് ഹാൻഡ് ബാഗേജിലേക്ക് മാറ്റിയ സ്വർണം കണ്ടെത്തിയത്.

70 ലക്ഷത്തിലേറെ രൂപ വിലവരുന്നതാണ് പിടികൂടിയ സ്വർണം. ഇയാൾക്കെതിരെ കസ്റ്റംസ് കേസെടുത്തു.

Also read:ഹൈഡ്രോളിക്ക് സംവിധാനത്തിൽ തകരാര്‍; കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ജിദ്ദ - കോഴിക്കോട് വിമാനം

ABOUT THE AUTHOR

...view details