മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വനിത ക്ലീനിങ് സൂപ്പര്‍ വൈസര്‍ പിടിയില്‍. വാഴയൂര്‍ പേങ്ങാട് സ്വദേശി കെ. സാജിതയാണ് (46) പിടിയിലായത്. എയര്‍പോര്‍ട്ടിലെ ക്ലീനിങ് കരാറെടുത്ത കമ്പനിയിലെ തൊഴിലാളിയായ സാജിത അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസിന്‍റെ സംശയം: ഒരു കിലോ 812 ഗ്രാം സ്വർണമാണ് സാജിതയില്‍ നിന്ന് കസ്റ്റംസ് കണ്ടെടുത്തത്. വിമാനത്താവളത്തിലെ മൂന്നാമത്തെ ശുചീകരണ തൊഴിലാളിയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അടുത്തിടെ പിടിയിലാവുന്നത്. ശുചീകരണ തൊഴിലാളികള്‍ക്ക് സ്വര്‍ണം നല്‍കുന്നത് ആരാണെന്നും ഇതിനും മുമ്പും സ്വര്‍ണക്കടത്തില്‍ പങ്കെടുത്തിട്ടുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കസ്റ്റംസ് അന്വേഷിച്ച് വരികയാണ്.
കഴിഞ്ഞ ദിവസം ഒരു കോടി 62 ലക്ഷം രൂപയുടെ അനധികൃത സ്വർണവുമായി മൂന്നു പേർ പിടിയിലായ സംഭവത്തിന് പിന്നാലെയാണ് ശുചീകരണ തൊഴിലാളി സൂപ്പര്‍വൈസറും പിടിയിലായത്. സ്വര്‍ണം മിശ്രിതമാക്കി വസ്‌ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നാലുപേരാണ് കഴിഞ്ഞ ദിവസം കസ്റ്റംസിന്‍റെ പിടിയിലായത്. അടിവസ്ത്രത്തിലും ഷൂവിനുള്ളിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം കൊളത്തൂര്‍ സ്വദേശി മുഹമ്മദ് യാസിര്‍ എന്നയാളും കഴിഞ്ഞ ദിവസം പിടിയിലായിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.
ഇലക്‌ട്രിക് ഉപകരണത്തില്‍ സ്വർണം: വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തുന്നതിനൊപ്പം ഇലക്‌ട്രിക് ഉപകരണത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താനും ശ്രമം നടക്കുന്നുണ്ട്. ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണമാണ് രണ്ട് ദിവസത്തിനിടെ കരിപ്പൂരില്‍ പിടികൂടിയത്. ഇലക്‌ട്രിക് കെറ്റിലിനകത്ത് ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശിയായ മുഹമ്മദ് കൊട്ടേക്കാട്ടിൽ എന്നയാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
കെറ്റിലിന് അസ്വാഭാവിക ഭാരം തോന്നിയതോടെയാണ് ഇയാളെ പരിശോധനക്ക് വിധേയനാക്കിയത്. കെറ്റിലിന് അടിഭാഗത്ത് വളയ രൂപത്തില്‍ വെല്‍ഡ് ചെയ്ത് പിടിച്ചാണ് കൊണ്ടു വന്നതെന്ന് വിദഗധ പരിശോധനയില്‍ വ്യക്തമായി. 494 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.
സ്റ്റീമറില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നയാളെയും ഇന്നലെ (ഓഗസ്റ്റ് 28) കസ്റ്റംസ് പിടികൂടിയിരുന്നു. കുടുംബ സമേതമാണ് ഇയാള്‍ വിദേശത്ത് നിന്നെത്തിയത്. ഇയാളുടെ പക്കലുള്ള സ്റ്റീമർ തൂക്ക കൂടുതലാണ് സംശയത്തിന് കാരണമായത്. തുടര്‍ന്ന് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കംപ്രസിനുള്ളില്‍ ഉരുക്കി ഒഴിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. അഞ്ഞൂറ് ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. also read:കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; സ്വർണം ഒളിപ്പിച്ചത് ഡിസ്‌ക് രൂപത്തില്‍