ഛണ്ഡിഗഡ് :തുടര്‍ച്ചയായ മൂന്നാം ദിവസവും, അന്തരിച്ച നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്‍റെ വസതിയില്‍ പൊലീസ് പരിശോധന നടത്തി. സൊണാലിയുടെ മൂന്ന് ഡയറികള്‍ കണ്ടെടുത്തിട്ടുണ്ട്. ഹരിയാനയിലെ ഹിസാർ ജില്ലയിലെ സന്ത് നഗറിലെ വീട്ടിലായിരുന്നു പരിശോധന.
സൊണാലിയുടെ കിടപ്പുമുറി, ഉപയോഗിച്ചിരുന്ന അലമാര, കൂടാതെ പാസ്‌വേഡ് ലോക്കുള്ള ലോക്കര്‍ എന്നിവ പൊലീസ് പരിശോധിച്ച് സീല്‍ ചെയ്‌തിട്ടുണ്ട്. കേസ് അന്വേഷണം ഊര്‍ജിതമാണെന്നും വിഷയത്തില്‍ സൂക്ഷ്മ പരിശോധന നടത്തുമെന്നും പൂര്‍ത്തിയായാല്‍ മാത്രമേ നിഗമനങ്ങളില്‍ എത്താനാകൂവെന്നും ഇന്‍സ്‌പെക്‌ടര്‍ തെറോണ്‍ ഡി കോസ്റ്റ് പറഞ്ഞു.
ഓഗസ്റ്റ് 23ന് നോര്‍ത്ത് ഗോവയിലെ അഞ്ജുനയിലെ സെന്‍റ് ആന്‍റണി ആശുപത്രിയില്‍വച്ചാണ് 42കാരിയായ സൊണാലി ഫോഗട്ട് മരിച്ചത്. രാത്രി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സൊണാലിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെ എത്തുന്നതിന് മുമ്പ് സൊണാലി മരിച്ചിരുന്നു.
ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സൊണാലിയുടെ സഹോദരന്‍ റിങ്ഖു ധാക്ക ഗോവ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഓഗസ്റ്റ് 25ന് രാവിലെ സൊണാലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് സൊണാലിയുടെ ശരീരത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേല്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്.
ഇതോടെ സംശയം ബലപ്പെട്ടു. തുടര്‍ന്ന് ഗോവയിലെ കുര്‍ലീസ് റസ്റ്റോറന്‍റിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത താരത്തിന്‍റെ അവസാന വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സൊണാലിയുടെ സഹായികളായ സുഖ്‌വിന്ദര്‍ സിങ്, പിഎ സുധീര്‍ സാംഗ്‌വാന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടിക്കിടെ ഇവരിലൊരാള്‍ പാനീയത്തില്‍ ലഹരി കലര്‍ത്തി സൊണാലിക്ക് നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പാനീയം കുടിച്ച് അബോധാവസ്ഥയിലായ സൊണാലിയെ സഹായി താങ്ങി പിടിച്ചാണ് കൊണ്ടുപോയത്.
എന്നാല്‍ സൊണാലിയുടെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് മകള്‍ യശോധര ആവശ്യപ്പെട്ടു. അതേസമയം ഗോവ പൊലീസിന്‍റെ അന്വേഷണം തൃപ്‌കരമാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചിരുന്നു. സൊണാലിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
also read:സോണാലി ഫോഗട്ട് വധം; അറസ്‌റ്റിലായ രണ്ട് പ്രതികളെയും പത്ത് ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു, ലഹരിമരുന്ന് ഇടനിലക്കാരും കസ്‌റ്റഡിയില്‍
ഓഗസ്റ്റ് 26ന് ഋഷി നഗറിലെ ശ്‌മശാനത്തിലായിരുന്നു സൊണാലിയുടെ സംസ്‌കാരം. മകള്‍ യശോധരയും സഹോദരനും ചേര്‍ന്നാണ് ചിതക്ക് തീ കൊളുത്തിയത്. ബിജെപി നേതാവായ സൊണാലി വാര്‍ത്ത അവതാരക കൂടിയായിരുന്നു. തുടര്‍ന്നാണ് 2016 ല്‍ ടെലിവിഷന്‍ ഷോയിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്.
ഹിന്ദ് ബിഗ് ബോസിലെ മത്സരാര്‍ഥിയെന്ന നിലയിലും ജനപ്രീതിയാര്‍ജിച്ചു. ടിക് ടോക്ക് വീഡിയോകളിലും വളരെ ആരാധകരുണ്ടായിരുന്നു സൊണാലിക്ക്. ഹരിയാനയില്‍ 2019ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ താരം മത്സരിച്ചിരുന്നു.