പത്തനംതിട്ട : പത്താംക്ലാസ് വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് വലയിലാക്കി പീഡിപ്പിച്ച കേസിൽ സഹോദരങ്ങളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര തൃക്കണ്ണമംഗലം കൊക്കാട്ട് പുത്തൻവീട്ടിൽ ഉണ്ണി (22), സഹോദരൻ കണ്ണൻ (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരും പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്.
ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിനെയും രക്ഷിതാക്കളെയും വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കൊട്ടാരക്കരയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഒരു ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയില്‍ ജോലി ചെയ്തു വന്ന ഉണ്ണി ഒരു വിവാഹച്ചടങ്ങിൽ വച്ച് പെൺകുട്ടികളിൽ ഒരാളുമായി പരിചയത്തിലായി. ഇരുവരും മൊബൈൽ നമ്പറുകളും കൈമാറി കൂടുതൽ അടുപ്പമായതോടെ പ്രണയത്തിലായി.