ഹൈദരാബാദ്: മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലെ പ്രൊഫൈലുകള്‍ കണ്ട് വിവാഹത്തിനൊരുങ്ങുന്നവര്‍ ജാഗ്രത പാലിക്കുക. സമൂഹത്തില്‍ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ സജീവമായി കൊണ്ടിരിക്കുകയാണ്. 30 വയസിന് ശേഷവും അവിവാഹിതരായി തുടരുന്നവരും വിവാഹമോചിതരായി രണ്ടാം വിവാഹത്തിന് കാത്തിരിക്കുന്നവരെയുമാണ് ഇത്തരം സംഘങ്ങള്‍ ലക്ഷ്യമിടുന്നത്.
വ്യാജ മാട്രിമോണിയല്‍ സൈറ്റുകള്‍ സ്ഥാപിച്ച് ജനങ്ങളില്‍ നിന്ന് പണം തട്ടുകയാണ് ഇത്തരം സംഘങ്ങള്‍. വഞ്ചിതരായവരാകട്ടെ അപമാനം മൂലം പരാതിപ്പെടാത്ത സാഹചര്യത്തില്‍ പൊലീസും നിസഹായാവസ്ഥയിലാണ്. മറ്റുള്ളവരുമായി നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്‌ക്കരുതെന്നും അപരിചിതരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ സൂക്ഷ്‌മത പാലിക്കണമെന്നും സിറ്റി സൈബർ ക്രൈം എസിപി കെവിഎം പ്രസാദ് പറഞ്ഞു. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായവരുണ്ടെങ്കില്‍ പൊലീസില്‍ വിവരം അറിയിക്കണം.
തട്ടിപ്പിനിരയാകുന്നവര്‍ക്ക് ടോൾഫ്രീ 1930 എന്ന നമ്പറിൽ വിളിച്ച് പരാതി നൽകാമെന്നും എസിപി വ്യക്തമാക്കി.
വ്യാജ പൊഫൈലുകളിലൂടെ പണം തട്ടുന്ന രീതി:വ്യാജ മാട്രിമോണിയല്‍ സൈറ്റുകളില്‍ തെറ്റായ അഡ്രസും മറ്റ് വിവരങ്ങളും നല്‍കും. വധുവിന്‍റെ വിവരങ്ങള്‍ അറിയാനായി ബന്ധപ്പെടുമ്പോള്‍ ഫീസ് നല്‍കിയാല്‍ പെണ്‍കുട്ടിയുമായി സംസാരിക്കാമെന്ന് അറിയിക്കും. അവര്‍ ആവശ്യപ്പെട്ട തുക നല്‍കി ഇവരുമായി ബന്ധപ്പെടുമ്പോള്‍ മാട്രിമോണിക്കായി പ്രവര്‍ത്തിക്കുന്ന ടെലി കോളര്‍മാരെ വധുവായി അവതരിപ്പിക്കും.
തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയുമായി സംസാരിക്കും. തുടര്‍ച്ചയായി ദിവസങ്ങളോളം സംസാരിക്കുകയും അവസാനം അവരുമായി സൗഹാര്‍ദം സ്ഥാപിക്കുകയും ചെയ്യും. ഇരുവരും തമ്മിലുള്ള സൗഹൃദം ദൃഢമായെന്ന് കണ്ടാല്‍ പെണ്‍കുട്ടികള്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഇവരില്‍ നിന്ന് പണം തട്ടാന്‍ തുടങ്ങും.
കുടുംബ ആവശ്യങ്ങള്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ എന്നീ കാര്യങ്ങള്‍ പറഞ്ഞാണ് പണം തട്ടുക. പണം നിരവധി കൈക്കലാക്കിയതിന് ശേഷം നേരില്‍ കാണണമെന്ന് പെണ്‍കുട്ടികള്‍ ആവശ്യപ്പെടും. കോഫി ക്ലബുകള്‍, പാര്‍ക്ക്, വിവാഹ ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ വച്ച് കാണാമെന്ന് പെണ്‍കുട്ടികള്‍ പറയും.
നേരില്‍ കാണുന്നതോടെ അവരെ ഇഷ്‌ടമായില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടികള്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കും. എന്നാല്‍ പണം നഷ്‌ടപ്പെട്ട യുവാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അവര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ് നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തും. കുക്കട്ട്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനില്‍ നിന്ന് ഇത്തരത്തിലുള്ള സംഘം 1.5 ലക്ഷം രൂപ തട്ടിയിരുന്നു. പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചപ്പോഴാണ് വിവരം പുറം ലോകമറിയുന്നത്.
നൈജീരിയക്കാരുടെ തട്ടിപ്പ് രീതി: വിദ്യാർഥി, ടൂറിസ്റ്റ്, ബിസിനസ് വിസകളിൽ ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെത്തി നൈജീരിയക്കാര്‍ അവിടെ സ്ഥിരതാമസമാക്കിയതിന് ശേഷമാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. എസ് ആര്‍ നഗറിലെ ഒരു യുവതി തട്ടിപ്പിന് ഇരയായതോടെയാണ് സംഭവം പുറത്തറിയുന്നത്. യുഎസില്‍ സിവില്‍ എന്‍ജിനീയറാണെന്ന് പറഞ്ഞാണ് ഒരാള്‍ യുവതിയെ പരിചയപ്പെട്ടത്.
പരിചയപ്പെട്ട് കുറച്ച് നാളുകള്‍ക്ക് ശേഷം യുഎസില്‍ നിന്ന് അയാള്‍ കുറച്ച് ആഭരണങ്ങള്‍ അയക്കുന്നുണ്ടെന്നും അതിന് ടാക്‌സായി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന് 18 ലക്ഷം രൂപ നല്‍കണമെന്നും പറഞ്ഞു. ഇയാളുടെ നിര്‍ദേശ പ്രകാരം യുവതി പണം കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞയാള്‍ക്ക് കൈമാറി.
എന്നാല്‍ പണം നല്‍കിയിട്ടും സ്വര്‍ണം എത്തിയില്ല. തുടര്‍ന്ന് ഇരുവരെയും ബന്ധപ്പെടാനും പറ്റാതായതോടെ തട്ടിപ്പിനിരയായതായി മനസിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ മാസം സൈബർ ക്രൈം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തിരുന്നു.
അമ്പതോളം യുവതികളെ ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയതായി പൊലീസ് കണ്ടെത്തി. ഇത്തരത്തിലുള്ള വിവാഹ തട്ടിപ്പിലൂടെ മൂന്നൂറോളം സ്‌ത്രീകളെ തട്ടിപ്പിനിരയാക്കിയ മറ്റൊരു നൈജീരിയക്കാരനെയും ഇക്കഴിഞ്ഞ മേയില്‍ നോയിഡ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.