മുംബൈ : മഹാരാഷ്‌ട്രയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വ്യവസായിയുടെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഘത്തിലെ നാല് പേര്‍ അറസ്റ്റില്‍. ധീരജ് കാംബ്ലെ, പ്രശാന്ത് ഭട്‌നാഗർ, വസീം ഖുറേഷി, ഇജാസ് ഖാൻ എന്നിവരാണ് പിടിയിലായത്. വിക്രോളിയിലെ മായങ്ക് ബജാജ് എന്ന വ്യവസായിയുടെ വീട്ടിലാണ് സംഘം റെയ്‌ഡിനെത്തിയത്.
ജൂലൈ 26ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. മായങ്ക് ബജാജ് വീട്ടിലില്ലാത്ത സമയത്തായിരുന്നു റെയ്‌ഡ്. സംഘത്തിന്‍റെ കൈയിലുണ്ടായിരുന്ന വ്യാജ ഐഡി കാര്‍ഡ് കാണിച്ചാണ് റെയ്‌ഡ് നടത്തിയത്. പരിശോധനയില്‍ ഒരു ലക്ഷം രൂപ സംഘം കവര്‍ന്നു . എന്നാല്‍ വിവരമറിഞ്ഞ മായങ്ക് ബജാജ് ഐടി ഡിപ്പാര്‍ട്ടുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഇത്തരത്തില്‍ റെയ്‌ഡ് നടത്തുന്നില്ലെന്ന വിവരം ലഭിച്ചത്. ഉടന്‍ തന്നെ പാര്‍ക്ക് സൈറ്റ് പൊലീസില്‍ പരാതി നല്‍കി. സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ സംഘത്തെ അറസ്റ്റ് ചെയ്തു.