ബെംഗളൂരു:മയക്കുമരുന്ന് വിതരണം ചെയ്‌ത വിദേശ പൗരന്മാരുള്‍പ്പടെ പതിനൊന്ന് പേര്‍ പൊലീസ് പിടിയില്‍. ബെംഗളൂരു സിലിക്കൺ സിറ്റി കേന്ദ്രീകരിച്ച് ആസൂത്രിതമായി മയക്കുമരുന്ന് വിതരണം നടത്തിവന്ന സംഘമാണ് അശോകനഗർ കബ്ബൺ പാർക്ക് പൊലീസിന്‍റെ പിടിയിലായത്. മൊഹമ്മദ് ഹാറൂൺ, മൊഹമ്മദ് ഒരുവിൽ, മൊഹമ്മദ് ഇല്യാസ്, അബ്‌ദുർ അബു, അഹമ്മദ് മൊഹമ്മദ് മൂസ, മൻഷൻഷീദ്, മൊഹമ്മദ് ബിലാൽ, ജോൺ പോൾ, ജോസഫ് ബെഞ്ചമിൻ, ഇസ്‌മായിൽ എന്നിവരാണ് അറസ്‌റ്റിലായ പ്രതികള്‍.
സ്വന്തമായി ശൃംഖല സൃഷ്‌ടിച്ച് മയക്കുമരുന്ന് വിതരണം; വിദേശ പൗരന്മാരുള്‍പ്പടെ 11 പേര്‍ പൊലീസ് പിടിയില്‍
ബെംഗളൂരു സിലിക്കൺ സിറ്റി കേന്ദ്രീകരിച്ച് സ്വന്തമായി ശൃംഖല സൃഷ്‌ടിച്ച് വിദേശത്ത് നിന്ന് വീര്യം കൂടിയ മയക്കുമരുന്ന് ഇറക്കുമതി ചെയ്‌ത് വിതരണം ചെയ്‌തുവന്ന വിദേശ പൗരന്മാരുള്‍പ്പടെ 11 പേര്‍ പൊലീസ് പിടിയില്‍
മധ്യ ആഫ്രിക്കയിലുള്‍പ്പെടുന്ന സുഡാൻ, യെമൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലോട്ട് ഉന്നത വിദ്യഭ്യാസത്തിനും ജോലി ആവശ്യങ്ങള്‍ക്കുമായെത്തിയവരാണ് അറസ്‌റ്റിലായവര്‍. ഇവരില്‍ ചിലര്‍ വിസ കാലാവധി കഴിഞ്ഞിട്ടും വ്യാജരേഖകള്‍ നിര്‍മിച്ച് രാജ്യത്ത് തുടര്‍ന്നുവരുന്നതിനിടെയാണ് അറസ്‌റ്റ്. മാത്രമല്ല സ്വന്തമായി ശൃംഖല രൂപീകരിച്ച് വിദേശത്ത് നിന്ന് വീര്യം കൂടിയ മയക്കുമരുന്ന് ഇറക്കുമതി ചെയ്‌ത് വരുന്നതായും പൊലീസ് അറിയിച്ചു.
അതേസമയം ഇവരില്‍ നിന്ന് ലഹരിമരുന്ന് കൈപ്പറ്റുന്നയാള്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതികള്‍ കബ്ബൺ പാർക്ക് പൊലീസിന്‍റെ പിടിയിലാകുന്നത്. പിടിയിലായവരില്‍ നിന്ന് കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ഒരുകോടി ഒമ്പത് ലക്ഷം രൂപയുടെ ലഹരിമരുന്നും പിടിച്ചെടുത്തതായി സെൻട്രൽ ഡിവിഷൻ ഡിസിപി ശ്രീനിവാസ് ഗൗഡ അറിയിച്ചു.