യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു നാസിക് (മഹാരാഷ്‌ട്ര) :സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ അമ്മാവനും കൂട്ടാളികളും ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്‌ട്രയിലെ നാസിക്കിലാണ് സംഭവം. പ്രദേശവാസിയായ വിപുൽ ബാഗുലിനാണ് കുത്തേറ്റത്.
പരിക്കേറ്റ വിപുൽ ബാഗുൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്‌ച രാത്രിയോടെ വിപുലും ബന്ധുവായ നിഖിൽ മോറയും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു.
ഇത് സംഘര്‍ഷത്തിലേക്ക് മാറുകയും ബന്ധുവും കൂട്ടാളികളും ചേർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ - വിപുൽ അമ്മാവനായ നിഖിൽ മോറയുടെ വാഹന വായ്‌പ പല തവണ അടച്ചിരുന്നു. ഈ തുക തിരികെ തരാൻ വിപുൽ ആവശ്യപ്പെട്ടു. ഇതിലുണ്ടായ ദേഷ്യത്തെ തുടർന്ന് നിഖിൽ സുഹൃത്തുക്കളെയും കൂട്ടിച്ചെന്ന് വിപുലിനെ അക്രമിക്കുകയായിരുന്നു.
സംഭവത്തിന്‍റെ സിസിടിവി ദ്യശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ദ്യശ്യങ്ങളിൽ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ ആക്രമിക്കുന്നതും സമീപത്തെ കടയിലേക്ക് കല്ലെറിയുന്നതും കാണാം. സംഭവത്തിൽ ഉപനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.