കാസർകോട്:പാസ്‌പോര്‍ട്ടിലെ പേരും മേല്‍വിലാസവും വ്യാജമെന്ന് കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേരുടെ ചിത്രം പുറത്ത് വിട്ട് ഹൊസ്‌ദുര്‍ഗ് പൊലീസ്. കേസിൽ തുടരന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് ചിത്രം പുറത്തുവിട്ടത്. ഡിറ്റക്‌ടീവ് ഇൻസ്‌പെക്‌ടർ-മൂന്ന് വിഭാഗം നടത്തിയ തുടരന്വേഷണത്തിലും വ്യാജ പാസ്‌പോർട്ട് ഉടമകളുടെ യഥാർഥ പേരും മേൽവിലാസവും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് വ്യാജ പാസ്‌പോർട്ട് ഉടമകളുടെ ഫോട്ടോ അന്വേഷണ സംഘം പുറത്ത് വിട്ടത്.
2011ൽ ഹൊസ്‌ദുർഗ് പൊലീസാണ് കേസുകൾ രജിസ്റ്റർ ചെയ്‌തത്. പ്രതികൾ താലൂക്ക് ഓഫിസിന്‍റെയും പല സ്‌കൂളുകളുടെയും സീലുകൾ നിർമിച്ച് സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയാണ് വ്യാജ മേൽവിലാസം ചമച്ചതിന് ശേഷം പാസ്പോർട്ട് സമ്പാദിച്ചത്. കോഴിക്കോട് പാസ്‌പോർട്ട് ഓഫിസിൽ നേരിട്ടും ട്രാവൽ ഏജൻസി മുഖേനയും നൽകിയ അപേക്ഷകളിൽ പാസ്‌പോർട്ട് അനുവദിച്ച ശേഷമാണ് രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയവരെ കണ്ടെത്താൻ പറ്റാത്തതിനെ തുടർന്ന് ഹൊസ്‌ദുർഗ് പൊലീസിൽ നിന്ന് കോഴിക്കോട് ഐ.എസ്.ഐ.ടി.യും പിന്നീട് കാസർകോട് ക്രൈം ബ്രാഞ്ചും അന്വേഷണം ഏറ്റെടുത്തു.