നോയിഡ (ഉത്തര്‍പ്രദേശ്) : ലോകോത്തര സാങ്കേതിക ഉത്പന്ന നിര്‍മാതാക്കളായ ആപ്പിളിന്‍റെ ഐഫോണുകളുടെ വ്യാജന്‍ രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച് വില്‍പന നടത്തി വന്നിരുന്ന സംഘത്തിലെ മൂന്നുപേര്‍ നോയിഡ പൊലീസിന്‍റെ പിടിയില്‍. ഐഫോണിന്‍റെ വ്യാജന്‍ കുറഞ്ഞ വിലയില്‍ ആവശ്യക്കാര്‍ക്കെത്തിച്ച് നല്‍കിയിരുന്ന ലളിത് ത്യാഗി, അഭിഷേക് കുമാര്‍, രജനീഷ് രഞ്ജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 60 വ്യാജ ഐ ഫോണുകള്‍ പിടിച്ചെടുത്തതായി അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സാദ് മിയാന്‍ ഖാന്‍ അറിയിച്ചു.
വില 12,000, സ്‌റ്റിക്കറും ബോക്‌സും ചൈനീസ് ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് ; വ്യാജ ഐഫോണ്‍ വില്‍പന സംഘം പൊലീസ് പിടിയില്‍ - കമ്പനി
രാജ്യ തലസ്ഥാനമായ ഡല്‍ഹി കേന്ദ്രീകരിച്ച് ആപ്പിള്‍ ഐഫോണുകളുടെ വ്യാജന്‍ വില്‍പന നടത്തിവന്നിരുന്ന സംഘത്തിലെ മൂന്ന് പേര്‍ നോയിഡ പൊലീസിന്‍റെ പിടിയില്‍
സര്‍വത്ര വ്യാജം : വിപണിയില്‍ 66,000 രൂപയ്ക്ക് മുകളില്‍ വിലവരുന്ന ഐ ഫോണ്‍ 13 ന്‍റെ പ്രീമിയം മോഡലുകള്‍ 53,000 രൂപയ്‌ക്ക് നല്‍കാമെന്ന് കാണിച്ചായിരുന്നു ഇവരുടെ തട്ടിപ്പെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ നിന്ന് 12,000 രൂപ വിലവരുന്ന ഐ ഫോണിന്‍റെ വ്യാജന്‍ സ്വന്തമാക്കി ചൈനീസ് ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ ആലിബാബയില്‍ നിന്ന് 4,500 രൂപയ്‌ക്ക് ഇവ വില്‍പന ചെയ്യാനുള്ള ബോക്‌സുകളും 1,000 രൂപയുടെ ആപ്പിള്‍ സ്‌റ്റിക്കറുകളും വാങ്ങിയാണ് സംഘം വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരത്തില്‍ 17,500 രൂപ മാത്രം വില വന്നിരുന്ന വ്യാജ ഐഫോണുകള്‍ക്ക് ഇവര്‍ 53,000 രൂപയാണ് ഈടാക്കിയിരുന്നത്. ഉപഭോക്താക്കളെ കബളിപ്പിക്കാനായി ഐഎംഇഐ നമ്പര്‍ കാണിക്കാനായി ഇവര്‍ മറ്റൊരു ആപ്ലിക്കേഷന്‍ കൂടി ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
പിടിയിലാകുന്നത് ഇങ്ങനെ : സെക്‌ടർ 63 പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്ത രണ്ട് കേസുകളുടെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇവരില്‍ നിന്ന് ആദ്യം വാങ്ങിയപ്പോള്‍ യഥാര്‍ഥ ഐഫോണ്‍ കുറഞ്ഞ വിലയ്‌ക്ക് നല്‍കിയെന്നും തുടര്‍ന്ന് കൂടുതല്‍ ഫോണുകള്‍ക്ക് ഓര്‍ഡര്‍ ചെയ്‌തപ്പോള്‍ വ്യാജ ഐഫോണുകള്‍ നല്‍കി കബളിപ്പിച്ചുവെന്നും കാണിച്ചാണ് പരാതിക്കാരന്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് 60 വ്യാജ ഐഫോണുകള്‍, 4.50 ലക്ഷം രൂപ, റെനോ ഡസ്‌റ്റര്‍ കാര്‍, വ്യാജ ആധാര്‍ കാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും അഡീഷണൽ ഡിസിപി സാദ് മിയാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.