പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ വഴിത്തിരിവായേക്കാവുന്ന സൂചനകള്‍ പുറത്ത്. കൊല്ലപ്പെട്ട സ്‌ത്രീകളില്‍ ഒരാളായ റോസ്‌ലിയുടെ മൃതദേഹത്തില്‍ കരളും വൃക്കയും ഉണ്ടായിരുന്നില്ല എന്നതിനാല്‍ കൊല്ലപ്പെട്ടവരുടെ അവയവങ്ങള്‍ കടത്തിയെന്ന സംശയമാണ് ബലപ്പെടുന്നത്. അതുകൊണ്ടുതന്നെ യുവതികളെ കൊന്നത് അവയവ കച്ചവടത്തിനാണോ എന്ന സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കേസില്‍ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ ക്രിമിനല്‍ ബന്ധങ്ങളും മുന്‍കാല ഇടപാടുകളുമാണ് ഇത്തരം സാധ്യതകളിലേക്ക് അന്വേഷണ സംഘത്തെ എത്തിക്കുന്നത്. നാട്ടുകാരുൾപ്പെടെ ഇത്തരം സംശയങ്ങൾ തുടക്കം മുതൽ ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്‌ത്രീകളുടെ ശരീര ഭാഗങ്ങൾ പാകം ചെയ്‌ത് ഭക്ഷിച്ചെന്ന പ്രതികളുടെ മൊഴികളിലും ദുരൂഹത നിറഞ്ഞിരുന്നു. അവയവങ്ങൾ കാണാതായത് സംബന്ധിച്ച അന്വേഷണം വന്നാൽ അതുവഴി തിരിച്ചുവിടാൻ പ്രതികൾ നടത്തിയ ഗൂഡലോചനയാണോ ഇതെന്നും സംശയം ഉയരുകയാണ്. മാത്രമല്ല കൊലപാതകം ഞെട്ടിച്ചുവെന്നും ഒരു തരത്തിലും ന്യായീകരിക്കില്ലെന്നും ഇതുസംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിയായ ലൈലയുടെ സഹോദരൻ ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു.