കൊൽക്കത്ത:കെട്ടിട നിർമാണത്തെച്ചൊല്ലിയുള്ള തർക്കത്തിൽ തൃണമൂൽ പ്രവർത്തകർ എട്ട് മാസമായ ഗർഭിണിയുടെ വയറ്റിൽ ചവിട്ടിയതായി പരാതി. സംഭവത്തിൽ തൃണമൂൽ എംഎൽഎ പരേഷ് പാലിനെതിരെയും കൗൺസിലർ സ്വപൻ സമദ്ദറിന്‍റെ അനുയായികൾക്കെതിരെയുമാണ് പരാതി. യുവതിയെ ഗുരുതരാവസ്ഥയിൽ കൊൽക്കത്ത മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇതുവരെ 7 പ്രതികളെ അറസ്റ്റ് ചെയ്‌തു.
നർക്കൽദംഗ നിവാസിയായ ഷിബ് ശങ്കർ ദാസും മകൻ ദീപക് ദാസും ആണ് പരാതിക്കാർ. പ്രദേശത്തെ അനധികൃത കെട്ടിട നിർമാണം പ്രതിഷേധിച്ചതിനെ തുടർന്നാണ് മർദനം. ഞായറാഴ്‌ച(21.08.2022) വൈകുന്നേരത്തോടെ കൗൺസിലറും എംഎൽഎയുടെ അനുയായികളും ഇവരുടെ വീട്ടിൽ കയറി മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
വീട്ടിലെ പെൺകുട്ടികളെയും ഇവർ ആക്രമിച്ചതായി പരാതിക്കാർ പറഞ്ഞു. വീട്ടിൽ അക്രമം നടക്കുമ്പോൾ തങ്ങൾ പൊലീസിൽ അറിയിച്ചെങ്കിലും നർക്കൽദംഗ പൊലീസ് നടപടിയെടുത്തില്ലെന്നും പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകാനെത്തിയ തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ ആരോപിച്ചു. തുടർന്ന്, കൊൽക്കത്ത പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു. അതേസമയം, എംഎൽഎ പരേഷ് പാൽ ആരോപണം നിഷേധിച്ചു. യുവതിയുടെ എട്ട് മാസം പ്രായമായ ഗർഭസ്ഥശിശു നിലവിൽ ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Also read: കൂലി ചോദിച്ചതിന് തൊഴിലാളികളെ കെട്ടിയിട്ട് മര്‍ദിച്ചു, ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍: നാലു പേര്‍ക്ക് എതിരെ കേസ്