ന്യൂഡല്‍ഹി: മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്‌റേറ്റ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കോടതി പരിഗണിച്ചു. ഡല്‍ഹിയിലെ റൂസ് അവന്യൂ പ്രത്യേക കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പ്രതികള്‍ക്ക് കോടതി നോട്ടിസ് അയച്ചു.
കേസില്‍ 12 പ്രതികളാണുള്ളതെന്നാണ് കുറ്റപത്രത്തില്‍ ഇഡി പറയുന്നത്. ഉദ്യോഗസ്ഥരായ കുൽദീപ് സിങ്, നരേന്ദ്ര സിങ്, മുത്തു ഗൗതം, അരുൺ പിള്ള എന്നിവരും സമീർ മഹേന്ദ്രു, ശരത് റെഡ്ഡി, അഭിഷേക് ബോയിന്‍പള്ളി, വിജയ് നായർ, ബിനോയ് ബാബു, അമിത് അറോറ, ദിനേശ് അറോറ എന്നിവരുമാണ് പ്രതികളെന്നാണ് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നത്.
കേസില്‍ ഇഡി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെയും ബിആര്‍എസ് എംഎല്‍സിയും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ. കവിതയുടെയും പങ്കാളിത്തത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. കവിതയില്‍ നിന്ന് അഭിഷേക് ബോയിന്‍പള്ളിയുടെ സഹായി അരുണ്‍ പിള്ള ഒരു കോടി രൂപ കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കവിതയുടെ അനുയായി വി.ശ്രീനിവാസ റാവുവിനെ ഇഡി വിശദമായി ചോദ്യം ചെയ്‌തെന്നും അദ്ദേഹത്തിന്‍റെ മൊഴി അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി.
428 പേജുകളുള്ള കുറ്റപത്രമാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സൗത്ത് ഗ്രൂപ്പില്‍ നിന്ന് 100 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതിന്‍റെയും തെളിവുകളെ കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മദ്യനയ കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബര്‍ 26നാണ് ഇഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. 3000 പേജുള്ള കുറ്റപത്രത്തില്‍ സമീര്‍ മഹേന്ദുവിനും ഇയാളുടെ നാല് കമ്പനികള്‍ക്കുമെതിരെയായിരുന്നു കുറ്റപത്രം. വിഷയവുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ വിശദമായ അന്വേഷണത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി ആറിന് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു.