കൊല്ലം: ആര്യങ്കാവ് ഇടപ്പാളയത്ത് സി.ഐ ഉൾപ്പടെയുള്ള പൊലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം. പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് യുവാക്കൾ പൊലീസുകാരെ ആക്രമിച്ചത്. തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞു മൂന്ന് മണിയോടെയായിരുന്നു സംഭവം. ആര്യങ്കാവിൽ പരിശോധനകൾക്കായി പോകുകയായിരുന്നു പൊലീസ് സംഘം. കല്ലടയാറിന്‍റെ തീരത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന യുവാക്കളോട് മറുകരയിലേക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. തുടർന്ന് തങ്ങളെ പിടികൂടാനായി ശ്രമിച്ച പൊലീസ് സംഘത്തിന് നേരെ മദ്യപസംഘം അക്രമം അഴിച്ചുവിടുകയായിരുന്നു.
ആര്യങ്കാവിൽ പൊലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം - അതിക്രമം
പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് യുവാക്കൾ പൊലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആറോളം പേർ മാത്രം വരുന്ന പൊലീസുകാർക്കുനേരെ ആയിരുന്നു പന്ത്രണ്ടോളം പേർ അടങ്ങിയ സംഘത്തിന്‍റെ അക്രമണം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇടപ്പാളയം സ്വദേശി രാജേഷ്(32), കോന്നി സ്വദേശി ശ്രീകുമാർ(35) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ തെന്മല എസ്.ഐ സിദ്ദീഖിനും സി.പി. ഒ അനീഷിനും പരിക്കേറ്റു. പരിക്കേറ്റ ഇവർ കുളത്തുപ്പുഴ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഓടി രക്ഷപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.