ഇടുക്കി: മലയോരമേഖലയില്‍ പിടിമുറുക്കി ലഹരി മാഫിയ. ഒരിടവേളയ്‌ക്ക് ശേഷം ജില്ലയില്‍ കഞ്ചാവും, എംഡിഎംഎയും അടക്കമുള്ള മാരക ലഹരി മരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസും എക്‌സൈസും നടത്തിയ റെയ്‌ഡില്‍ തൊടുപുഴയിൽ നിന്ന് മാത്രം എംഡിഎംഎയുമായി നാല് പേരെയും കഞ്ചാവുമായി ഒരാളെയുമാണ് പിടികൂടിയത്.
ഇടുക്കിയിൽ ലഹരി മാഫിയ സജീവം; കർശന പരിശോധനയുമായി എക്സൈസ് ഇന്നലെ(22.08.2022) നടത്തിയ റെയ്‌ഡില്‍ 6.6 ഗ്രാം എംഡിഎംഎയുമായി തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് (25), കോതമംഗലം സ്വദേശി അക്ഷയ ഷാജി(22) എന്നിവര്‍ പിടിയിലായി. ഇടുക്കി എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കിയാണ് പരിശോധന. എംഡിഎംഎയുമായി പിടികൂടിയ ഒരാള്‍ ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്.
ശനിയാഴ്‌ച (20.08.2022) എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി പൊലീസ് ഉദ്യോഗസ്ഥനായ എം.ജെ. ഷാനവാസ്, ഇയാളുടെ സുഹൃത്ത് ഷംനാസ് ഷാജി എന്നിവര്‍ പിടിയിലായത്. ഇതിന് പിന്നാലെയാണ് കഞ്ചാവും എയർ പിസ്‌റ്റളുമായി തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അജ്‌മലിനെ പൊലീസ് പിടികൂടിയത്. മാരക ലഹരി മരുന്നായ എംഡിഎംഎയുടെ ഉപയോഗവും വില്‍പ്പനയും ഇടുക്കിയില്‍ വര്‍ധിച്ച് വരുന്നതിന് തടയിടാന്‍ കര്‍ശന നടപടിയാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥന്‍ എംഡിഎംഎയുമായി പിടിയിലായ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനൊപ്പം മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ഇയാൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇടുക്കി എസ്‌പി വിയു കുര്യാക്കോസ് പറഞ്ഞു. ജില്ലയിലേക്കുള്ള ലഹരി ഒഴുക്കിന് തടയിടാന്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്‍റെ തീരുമാനം.
Read more: ലഹരിമരുന്ന് കൈമാറാന്‍ ശ്രമം, ഇടുക്കിയില്‍ എംഡിഎംഎയുമായി പൊലീസുകാരനും സുഹൃത്തും പിടിയില്‍