ബെംഗളൂരു:ബെംഗളൂരുവിലെ ഫാം ഹൗസിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 139 അപൂർവയിനം വന്യജീവികളെ കണ്ടെത്തി. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസും കർണാടക വനം വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃഗങ്ങളെ കണ്ടെത്തിയത്. ജനുവരി 22 ന് ബെംഗളൂരു വിമാനത്താവളത്തിൽവച്ച് ബാങ്കോങ്ങിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്ന് വിവിധ ഇനം വന്യജീവികളെ പിടികൂടിയിരുന്നു.
ബെംഗളൂരുവിലെ ഫാം ഹൗസിൽ നിന്ന് വംശനാശഭീഷണി നേരിടുന്ന 139 വന്യജീവികളെ കണ്ടെത്തി - വംശനാശഭീഷണി
ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസും കർണാടക വനം വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് അപൂർവയിനത്തിൽപ്പെട്ട 139 വന്യജീവികളെ കണ്ടെത്തിയത്.
കർണാടക വനം വകുപ്പ് നടത്തിയ തുടരന്വേഷണത്തിലാണ് ബെംഗളൂരുവിലെ ഫാം ഹൗസിൽ നിന്ന് 48 വ്യത്യസ്‌ത ഇനങ്ങളിൽപ്പെട്ട 139 വന്യജീവികളെ കണ്ടെത്തിയത്. അതിൽ 34 ഇനങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണ്. ഇന്ത്യ ഉള്‍പ്പെടെ 175 രാജ്യങ്ങള്‍ ഒപ്പുവച്ച കണ്‍വന്‍ഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ ട്രേഡ് കരാർ പ്രകാരം ഇവയില്‍ പല ജീവികളുടെയും വ്യാപാരം നിരോധിച്ചവയാണ്.
മഞ്ഞ പച്ച എന്നീ നിറങ്ങളിലുള്ള അനക്കോണ്ട, മഞ്ഞ തലയുള്ള ആമസോൺ തത്ത, നൈൽ മോണിറ്റർ, റെഡ് ഫൂട്ട് ആമ, ഇഗ്വാന, ബോൾ പെരുമ്പാമ്പുകൾ, അലിഗേറ്റർ ഗാർ, യാക്കി മങ്കി, വെയിൽഡ് ചാമിലിയൻ, റാക്കൂൺ ഡോഗ്, വെള്ളത്തലയുള്ള പിയോണസ് തുടങ്ങി അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവികളെയാണ് കണ്ടെത്തിയതെന്ന് ഡിആർഐ അറിയിച്ചു. പിടിച്ചെടുത്ത മൃഗങ്ങളെ ബന്നാർഗട്ട ബയോളജിക്കൽ പാർക്കിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.