ന്യൂഡൽഹി: മുത്തലാഖ് ചൊല്ലിയതിന് 40കാരനായ ഡോക്‌ടറെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഡൽഹി പൊലീസ് പിടികൂടി. ബ്രിട്ടനിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്. 2022 ഒക്‌ടോബർ 13ന് തലാഖ് ചൊല്ലി ബന്ധം വേർപെടുത്തി എന്നാരോപിച്ച് ഈ മാസം ഭാര്യ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
2017 ഓഗസ്റ്റിൽ സുപ്രീം കോടതിയാണ് മുത്തലാഖ് സമ്പ്രദായം റദ്ദാക്കിയത്. പിന്നീട്, ഏത് രൂപത്തിലും ഉടനടിയുള്ള വിവാഹമോചനം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് 2019 ജൂലൈ 31നാണ് കേന്ദ്ര സർക്കാർ മുസ്‌ലിം വനിത ബില്ല് (വിവാഹ അവകാശങ്ങൾ സംരക്ഷിക്കൽ) പാസാക്കിയത്. ബില്ല് പാസാക്കി അടുത്ത ദിവസം തന്നെ രാഷ്‌ട്രപതിയുടെ അനുമതിയും ലഭിച്ചു.